അനൂപ് ജോസഫ്
അയർലൻഡ് എന്ന ഈ കുഞ്ഞു രാജ്യം വളരുകയാണ്. ജനസംഖ്യയിൽ (പ്രവാസികളും, അഭയാർത്ഥികളും ഉൾപ്പെടെ), തൊഴിൽ സാധ്യതകളിലും തൊഴിൽ മേഖലകളിലും, വാഹനങ്ങളിൽ, പുതിയതായി ഉയർന്നുവരുന്ന വീടുകളും ടൗൺഷിപ്പുകളും അങ്ങനെ എന്നെ എല്ലാം മേഖലകളിലും അയർലൻഡിൽ നമുക്ക് ഈ വികസനം കാണാൻ സാധിക്കും. എന്നിരുന്നാലും പ്രശസ്തമായ ഒരു ചോദ്യം ബാക്കിയാണ്; ഈ വളർച്ചക്ക് അനുസരിച്ച് വേതനം ലഭിക്കുന്നുണ്ടോ എന്നുള്ളത്?
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം, അയർലൻഡ് സാമ്പത്തികരംഗത്ത് വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഈ പ്രക്രിയക്കിടയിൽ നാം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഈ കുറച്ചു നാളുകൾ കൊണ്ട് ഉണ്ടായ പണപ്പെരുപ്പം ആണ്. അനിയന്ത്രിതമായ വിലക്കയറ്റം മൂലം ഇന്ന് ഒരു സാധാരണക്കാരന് വീട് വാങ്ങുക എന്ന് പറയുന്നത് സ്വപ്നതുല്യമായ ഒരു കാര്യം ആയിത്തീർന്നിരിക്കുന്നു. പ്രവാസി എന്നോ സ്വദേശി എന്നോ വ്യത്യാസമില്ലാത്ത ബാങ്ക് ലോണുകൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമായിരിക്കുന്നു. ലോൺ തുക കൂടുന്നതിനാൽ തന്നെ തിരിച്ചടയ്ക്കാനുള്ള തുകയും സാധാരണയിൽ കവിഞ്ഞ് കൂടിക്കൊണ്ടിരിക്കുകയാണ്.
മനസ്സിന് ഇണങ്ങിയ വാടകവീടുകൾ ഇന്ന് ഒരു സ്വപ്നം മാത്രമാണ്. ഏതാനും വർഷങ്ങൾ കൊണ്ട് വീട് വാടക ഉയർന്നിരിക്കുന്നത് എത്ര ശതമാനമാണ് എന്ന് പോലും വ്യക്തമായി പറയാൻ സാധിക്കുന്നില്ല. നഗരമെന്നോ, ഗ്രാമം എന്നോ വ്യത്യാസമില്ലാതെ അതെ വീട്ടുവാടക ഉയർന്നു കൊണ്ടേയിരിക്കുന്നു.
ദിനംപ്രതി കൂടി കൊണ്ടിരിക്കുന്നതിനാൽ ആരും ശ്രദ്ധിക്കാതിരുന്ന മറ്റൊരു കാര്യമാണ് പെട്രോൾ,ഡീസൽ മുതലായവ. കഴിഞ്ഞവർഷം വർഷം ഒരു യൂറോ 25 സെൻറ് ഉണ്ടായിരുന്ന പെട്രോൾ ഇപ്പോൾ ഒരു യൂറോ 80 സെൻറ് ആയിരിക്കുന്നു. പൊതുഗതാഗത സൗകര്യങ്ങൾ കുറഞ്ഞിരിക്കുന്ന ഈ നാട്ടിൽ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുക അല്ലാതെ നിവൃത്തിയില്ല. അങ്ങനെ വരുമ്പോൾ ഈ അധികചെലവുകൾ എങ്ങനെ ന്യായീകരിക്കുവാൻ സാധിക്കും!
അങ്ങനെ എല്ലാത്തിനും അവസാനം ഈ വർഷാരംഭം മുതൽ
ഭക്ഷോപയോഗ്യ സാധനങ്ങൾക്കും വില കൂടി തുടങ്ങി. പാല്, പച്ചക്കറി, ഇറച്ചി മുതലായ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്.
ഈ വിലക്കയറ്റങ്ങൾക്ക് ആനുപാതികമായ വരുമാന വർദ്ധനവ് ഉണ്ടാക്കുന്നുണ്ടോ എന്നുള്ളത് ഒരു സംശയം ആണ്.
ഇവിടെയാണ്, SIPTU എന്ന തൊഴിലാളി സംഘടന ആഹ്വാനം ചെയ്തിരിക്കുന്ന, ശമ്പളപരിഷ്കരണം പ്രശസ്തമായി തീരുന്നത്. SIPTU ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെറി.എം. സി. കോർമാക്ക്ൻ്റ് വിലയിരുത്തലുകൾ അനുസരിച്ച് ഇപ്പോഴുള്ള ഈ പണപ്പെരുപ്പം, തൊഴിലാളികളുടെ വരുമാനത്തിനെ ഇല്ലായ്മ ചെയ്യുമെന്ന് മാത്രമല്ല, മറിച്ച് അവരുടെ സാമ്പത്തിക ഭദ്രത തകർക്കും എന്നുള്ളതാണ്. ഈ പണപ്പെരുപ്പവും അധിക സാമ്പത്തിക ബാധ്യതകളും ഉടനൊന്നും തന്നെ തീരാൻ പോകുന്നതായി യാതൊരുവിധ ലക്ഷണങ്ങളും ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. ഈ അവസരത്തിൽ SIPTU നേതൃത്വത്തിൽ ഒരു വേതന പുനർനിർണയം ക്യാമ്പയിൻ നടത്തുവാൻ ഒരുങ്ങുകയാണ്.
അയർലൻഡിലെ പ്രമുഖ ഇടതുപക്ഷ പാർട്ടികൾ എല്ലാം തന്നെ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഒപ്പം പ്രവാസി സമൂഹവും വിവിധ സംഘടനകളും കൂടെ ഒത്തുചേർന്നാൽ നമുക്ക് ഈ പണപ്പെരുപ്പത്തിൽ നിന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും മാന്യമായ ഒരു പരിഹാരമെന്ന നിലയിൽ വേതന പുനർനിർണയം നടത്തിക്കുവാൻ സാധിക്കും. ഇത് നമ്മൾ ഏവരുടെയും ആവശ്യം കൂടെയാണ് എന്ന് തിരിച്ചറിവോടെ കൂടെ പ്രവർത്തിക്കേണ്ട സമയം ആണ്. അപ്പോൾ പ്രിയരേ “ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്?”