ചൂതാട്ടം നടത്താനായി 8 ലക്ഷം ഡോളർ മോഷ്ടിച്ചു; കന്യാസ്ത്രീയ്ക്ക് ഒരു വർഷം തടവ്

ചൂതാട്ടത്തിനും, ആഡംബരജീവിതം നയിക്കാനുമായി 8 ലക്ഷം ഡോളര്‍ മോഷ്ടിച്ച കന്യാസ്ത്രീക്ക് ഒരു വര്‍ഷം തടവ്. യുഎസിലെ കാലിഫോര്‍ണിയയിലുള്ള മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന സ്ത്രീക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ലോസ് ഏഞ്ചലസിന് സമീപം ഒരു കാത്തലിക് എലമന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യവേയാണ് മേരി മാര്‍ഗരറ്റ് തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ ഫണ്ടില്‍ നിന്നും 835,000 ഡോളര്‍ വകമാറ്റിയാണ് ഇവര്‍ ലാസ് വേഗാസിലെ വമ്പന്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടത്. ഇതിന് പുറമെ ടൂര്‍ പോകാനും, ആഡംബര റിസോര്‍ട്ടുകളില്‍ താമസിക്കാനും ഈ പണം ചെലവിട്ടു.

താന്‍ ഈ കുറ്റങ്ങളെല്ലാം ചെയ്തതായി വിചാരണ വേളയില്‍ മേരി മാര്‍ഗരറ്റ് കോടതിയില്‍ സമ്മതിച്ചു. അനധികൃതമായി പണം പലിശയ്ക്ക് കൊടുത്ത കേസില്‍ ഇവരെ കഴിഞ്ഞ വര്‍ഷം കോടതി കുറ്റക്കാരിയെന്ന് വിധിച്ചിരുന്നു.

ട്യൂഷന്‍, ചാരിറ്റി സംഭാവനകള്‍ എന്നിങ്ങനെ സ്‌കൂളിന് ലഭിച്ച തുകയാണ് പ്രതി സ്വകാര്യ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. പിടിയിലാകുമെന്ന് വന്നതോടെ രേഖകള്‍ നശിപ്പിക്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. 2018-ലാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്.

അതേസമയം ഈ കേസ് ആദ്യം ലോസ് ഏഞ്ചലസ് ആര്‍ച്ച്ഡയോസസിന്റെ പരിധിയില്‍ ആദ്യം വന്നപ്പോള്‍, വൈദികര്‍ക്ക് കന്യാസ്ത്രീകളെക്കാള്‍ അധികം വരുമാനം ലഭിക്കുന്നു എന്ന് മേരി മാര്‍ഗരറ്റ് പറയുകയും, തനിക്ക് ശമ്പളവര്‍ദ്ധനയ്ക്ക് അര്‍ഹതയുണ്ടെന്ന് വാദിക്കുകയും ചെയ്തിരുന്നു.

ഇവര്‍ ചൂതാട്ടത്തിന് അടിമയാണെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

Share this news

Leave a Reply

%d bloggers like this: