അയര്‍ലണ്ടിലെ നഴ്സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ 40% ഹോമുകളിലും നിലവില്‍ കോവിഡ് വ്യാപനം നടന്നുകഴിഞ്ഞതായാണ് അനുമാനം.
ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 225 നഴ്സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം നടന്നതായി വയോജനക്ഷേമ വകുപ്പ് മന്ത്രി മേരി ബട്ട്ലര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതോടെ അന്തേവാസികളെയും, ജീവനക്കാരെയും സ്ഥിരമായി കോവിഡ് ടെസറ്റിന് വിധേയരാക്കുന്നത് പുനരാരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹോമുകളിലെ രോഗികളില്‍ അസുഖം ഗുരുതരമാകാതിരിക്കാന്‍ പ്രതിരോധ വാക്സിനുകള്‍ സഹായിക്കുന്നതായും, പോസിറ്റീവാകുന്ന രോഗികളില്‍ ഭൂരിഭാഗവും ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ നഴ്സിങ് ഹോം സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഫെബ്രുവരി 8 മുതല്‍ ഇളവ് നല്കാന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ചില ഹോമുകളില്‍ സന്ദര്ശകനിയന്ത്രണമുണ്ടായേക്കുമെന്ന് ആശങ്കയുള്ളതായി മന്ത്രി പറഞ്ഞു. പക്ഷേ സന്ദര്‍ശകര്‍ക്ക് വിലക്ക് കല്പ്പിക്കരുതെന്നും, അന്തേവാസികളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും മന്ത്രി നഴ്സിങ് ഹോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹോമുകള്‍ക്ക് സുരക്ഷാകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും, കഴിയുന്നതും സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.
സന്ദര്‍ശകര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റോ, കോവിഡ് ബാധിച്ച ശേഷം ഭേദമായി എന്ന സര്‍ട്ടിഫിക്കറ്റോ ഇനിമുതല്‍ കാണിക്കേണ്ടതില്ല.
നഴ്സിങ് ഹോമുകളിലെ അന്തേവാസികള്‍ക്ക് സ്ഥിരമായി തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നതിനായി ഒരാളെ തീരുമാനിക്കാമെന്നും (nominated person), ഈ ആള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ (തിരക്കുള്ള സമയങ്ങളിലൊഴികെ) ഹോമില്‍ സന്ദര്‍ശനം നടത്താമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി വൈകാതെ നടപ്പിലാക്കും.