ലീവിങ് സെർട്ട് പരീക്ഷ: ഇത്തവണ ‘ഹൈബ്രിഡ് രീതി’ ഇല്ല; പകരം ചോയ്സുകൾ കൂട്ടും, ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും

2021-22 വിദ്യാഭ്യാസ വര്‍ഷത്തില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാതിരുന്നത് പരിഗണിച്ച് ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി. അതേസമയം ഇത്തവണത്തെ റിസല്‍ട്ടുകള്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒട്ടും താഴെ പോകുന്ന തരത്തിലായിരിക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് മന്ത്രി വ്യക്തമാക്കി. ലീവിങ് സെര്‍ട്ടും, ജൂനിയര്‍ സൈക്കിള്‍ പരീക്ഷയും ജൂണ്‍ മാസത്തില്‍ തന്നെ നടക്കും.

വിദ്യാഭ്യാസ ഉപദേശകരും, മറ്റ് അഭ്യുദയകാംക്ഷികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

ലീവിങ് സെര്‍ട്ട് പരീക്ഷ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അടുത്തയാഴ്ചയോടെ www.examinations.ie എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, സ്‌കൂളുകളെ അറിയിക്കുകയും ചെയ്യും. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് വിശദമായ അറിയിപ്പുകള്‍ നല്‍കും.

കഴിഞ്ഞ തവണത്തെ പോലെ എഴുത്തുപരീക്ഷ, അക്രെഡിറ്റഡ് ഗ്രേഡ് എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞടുക്കാവുന്ന ‘ഹൈബ്രിഡ് എക്‌സാം’ ആയിരിക്കില്ല ഇത്തവണ. ഈ സംവിധാനത്തിലെ പോരായമകള്‍ കാരണം നല്‍കപ്പെടുന്ന ഗ്രേഡ് അധികമാകുന്നു എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം മുന്‍ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഗ്രേഡുകളെക്കാള്‍ താഴെ പോകുന്ന തരത്തിലാകില്ല ഇത്തവണ ഗ്രേഡുകള്‍ നല്‍കുകയെന്നും മന്ത്രി ഉറപ്പ് നല്‍കി.

എഴുത്തുപരീക്ഷയിലെ പേപ്പറുകളില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തിയതായും മന്ത്രി ഫോളി പറഞ്ഞു. എഴുത്തുപരീക്ഷ തന്നെയായിരിക്കുമെങ്കിലും, പരമ്പരാഗത ലീവിങ് സെര്‍ട്ട് പരീക്ഷയാകില്ല നടക്കുകയെന്നും, കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുകയും, അതേസമയം ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മെയിന്‍ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ശേഷം ഇത്തവണ പ്രത്യേകവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു പരീക്ഷ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു. അടുത്ത കുടുംബാഗം മരണപ്പെടുക, കോവിഡ് ബാധിക്കുക, മറ്റ് ഗുരുതര രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായാണ് വീണ്ടും പരീക്ഷ നടത്തുക.

ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് പരീക്ഷകള്‍ക്കുള്ള ടൈം ടേബിളുകള്‍ വരുംദിവസങ്ങളില്‍ State Examinations Commission പ്രസിദ്ധീകരിക്കും.

ലീവിങ് സെര്‍ട്ട് ഓറല്‍ പരീക്ഷകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, മ്യൂസിക് പരീക്ഷകള്‍ എന്നിവ ഈസ്റ്റര്‍ അവധി തുടങ്ങുന്നതിന് മുമ്പുള്ള ഒരാഴ്ച കാലയളവില്‍ സ്‌കൂള്‍ സമയം കഴിഞ്ഞതിന് ശേഷം നടത്തപ്പെടും. അതായത് ഏപ്രില്‍ 9 മുതല്‍ 14 വരെ. ഇതിന്റെ ടൈം ടേബിള്‍ സ്‌കൂളുകള്‍ക്ക് തനിയെ തീരുമാനിക്കാം.

പരീക്ഷകള്‍ നടത്തുന്നതിനാവശ്യമായ എല്ലാ ആരോഗ്യനിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് വൈകാതെ പുറത്തിറക്കും.

Share this news

Leave a Reply

%d bloggers like this: