അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ചത് കാരണമോ, സമ്പര്‍ക്കത്തെത്തുടര്‍ന്നുള്ള ഐസൊലേഷന്‍ നിയന്ത്രണങ്ങള്‍ കാരണമോ ജോലിക്ക് പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായമായ Enhanced Illness Benefit (EIB) ജൂണ്‍ അവസാനം വരെ നീട്ടിയതായി സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. ആഴ്ചയില്‍ 350 യൂറോ എന്ന നിരക്കിലാണ് ഈ സഹായധനം വിതരണം ചെയ്യുന്നത്.
കോവിഡ് ബാധിതര്‍ക്ക് പുറമെ HSE നിര്‍ദ്ദേശപ്രകാരമോ, ജിപിയുടെ നിര്‍ദ്ദേശപ്രകാരമോ ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കും സഹായം നല്‍കുന്നുണ്ട്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സഹായധനം ലഭിക്കുക. രോഗം ബാധിച്ചുള്ള ആദ്യ ദിനം മുതല്‍ ഇത് ലഭിക്കും.
സാധാരണയായി ഏഴ് ദിവസത്തേയ്ക്കാണ് EIB ലഭിക്കുക. എന്നാല്‍ രോഗം ഗുരുതരമാകുകയും, കൂടുതല്‍ ദിവസങ്ങള്‍ ചികിത്സയോ, വിശ്രമമോ വേണ്ടിവരികയോ ചെയ്യുകയാണെങ്കിലും സഹായധനവും അതിനനുസരിച്ച് വര്‍ദ്ധിക്കും.
ഇതുവരെ 230 മില്യണ്‍ യൂറോയാണ് EIB ഇനത്തില്‍ സര്‍ക്കാര്‍ വിതരണം നടത്തിയിട്ടുള്ളത്. 374,000 പേര്‍ക്ക് ഇതുവഴി സഹായം ലഭിച്ചു.