ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ അഭിമാന നേട്ടവുമായി അയര്‍ലണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Henley Passport Index പുറത്തുവിട്ട 2022-ലെ പട്ടികയിലാണ് ഐറിഷ് പാസ്‌പോര്‍ട്ട് അഞ്ചാം സ്ഥാനത്തെത്തിയത്.
ലോകത്ത് പാസ്‌പോര്‍ട്ടും, വിസയുമുണ്ടെങ്കില്‍ എവിടെയും സഞ്ചരിക്കാമെന്നാണ് വയ്‌പ്പെങ്കിലും, ഇത് എല്ലാ രാജ്യങ്ങളിലും എളുപ്പമല്ല. ചില രാജ്യങ്ങളില്‍ വിസ ഇല്ലാതെ തന്നെ പ്രവേശനം ലഭിക്കുകയും ചെയ്യും.
അതുപോലെ ചില രാജ്യക്കാരെ സ്വീകരിക്കാന്‍ മറ്റ് രാജ്യക്കാര്‍ മടി കാണിക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് മറ്റ് രാജ്യക്കാരെക്കാള്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് ഐറിഷ് പാസ്‌പോര്‍ട്ട്.
ഐറിഷ് പാസ്‌പോര്‍ട്ടാണ് കൈവശമുള്ളതെങ്കില്‍ ലോകത്തെ 187 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാം. വെറും 40 രാജ്യങ്ങളില്‍ മാത്രമാണ് ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ നിര്‍ബന്ധം. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, ചൈന, ക്യൂബ, സിറിയ, യെമന്‍ തുടങ്ങിയവയാണ് ഈ രാജ്യങ്ങള്‍.
അയര്‍ലണ്ടിനൊപ്പം പോര്‍ച്ചുഗലും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്.
സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഓസ്ട്രിയ, നെതര്‍ലണ്ട്‌സ് എന്നിവയാണ് 188 രാജ്യങ്ങളിലേയ്ക്കുള്ള വിസാ ഫ്രീ യാത്രയുമായി നാലാം സ്ഥാനത്ത്.
ഇറ്റലി, സ്‌പെയിന്‍, ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ് എന്നിവയാണ് മൂന്നാം സ്ഥാനത്ത് (189 രാജ്യങ്ങള്‍).
സൗത്ത് കൊറിയ, ജര്‍മ്മനി എന്നിവ 190 രാജ്യങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, 192 രാജ്യങ്ങളിലേയ്ക്കുള്ള വിസാ ഫ്രീ യാത്രയുമായി ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാമത്.
പട്ടികയില്‍ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ ഭരിക്കുന്ന അവിടെ നിന്നുള്ള പൗരന്മാര്‍ക്ക് 26 രാജ്യങ്ങളിലേയ്ക്ക് മാത്രമേ വിസാ ഫ്രീ യാത്ര അനുവദിക്കൂ.
പട്ടികയില്‍ 83-ആം സ്ഥാനത്താണ് ഇന്ത്യ. മുന്‍ വര്‍ഷം ഇന്ത്യ 90-ആം സ്ഥാനത്തായിരുന്നു.