അയര്‍ലണ്ടില്‍ ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷ പതിവ് രീതിയില്‍ തന്നെ നടത്താനുള്ള നീക്കവുമായി സര്‍ക്കാര്‍. ചില വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ നല്‍കി, ബാക്കി പരീക്ഷകള്‍ പതിവ് രീതിയില്‍ തന്നെ നടത്താനുള്ള പദ്ധതി മന്ത്രിസഭ ചര്‍ച്ച ചെയ്യുകയാണ്.
2021-ല്‍ നടത്തിയത് പോലെ ഗ്രേഡിങ് സംവിധാനവും, എഴുത്ത് പരീക്ഷയും അടങ്ങിയ ‘ഹൈബ്രിഡ് മോഡല്‍’ ഇത്തവണയും വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെ പരീക്ഷയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. ഗ്രേഡ് സംവിധാനം ഫലപ്രദമല്ലെന്ന തോന്നലിലാണ് പരമ്പരാഗത രീതിയിലേയ്ക്ക് തിരിച്ചുപോകാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം അക്രെഡിറ്റഡ് ഗ്രേഡ്, എഴുത്തുപരീക്ഷ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്. നേരിട്ടെത്തി പരീക്ഷയെഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മുമ്പ് ഇവര്‍ സ്‌കൂളിലെ ആക്ടിവിറ്റികളിലും, പ്രോജക്ടുകളിലും, മറ്റ് പരീക്ഷകളിലുമെല്ലാം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കുന്ന രീതിയിലായിരുന്നു ഇത്. രണ്ട് ഓപ്ഷനും വേണ്ടവര്‍ക്ക് അത് തെരഞ്ഞെടുക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ നല്‍കപ്പെടുന്ന ഗ്രേഡ് അധികമാണെന്നാണ് ഈ സംവിധാനം നേരിടുന്ന പ്രധാന വിമര്‍ശനം.
തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി അടക്കമുള്ള മൂന്ന് മന്ത്രിമാര്‍ തിങ്കളാഴ്ച രാത്രി പ്രത്യേക യോഗം കൂടുകയും, ഇത്തവണ പരീക്ഷ നടത്തേണ്ടത് എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ഇന്ന് രാവിലെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും. അതേസമയം മുന്‍ വര്‍ഷത്തെ ഗ്രേഡിനെക്കാള്‍ താഴെ പോകുന്ന രീതിയിലായിരിക്കില്ല സംവിധാനം എന്നാണ് വിവരം.