ഇലക്ട്രിക് കാര്‍ നിര്‍മ്മാണ ഭീമന്മാരായ ടെസ്ല 2021-ല്‍ നടത്തിയത് റെക്കോര്‍ഡ് വില്‍പ്പന. വര്‍ഷത്തിലെ നാലാം പാദ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തുവിട്ടുകൊണ്ടാണ് റെക്കോര്‍ഡ് വില്‍പ്പനയും, ലാഭവും നേടിയ കാര്യം യുഎസ് കമ്പനിയായ ടെസ്ല വ്യക്തമാക്കിയത്.
ആഗോളമായി കംപ്യൂട്ടര്‍ ചിപ്പുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് കാരണം കാര്‍ കമ്പനികള്‍ പ്രതിസന്ധി നേരിട്ടപ്പോഴും നിര്‍ബാധം നിര്‍മ്മാണവും വില്‍പ്പനയും തുടരുകയാണ് ടെസ്ല ചെയ്തത്.
2021-ല്‍ 5.5 ബില്യണ്‍ ഡോളറാണ് കമ്പനി വരുമാനം നേടിയത്. 2020-ലെ റെക്കോര്‍ഡ് വരുമാനം 3.47 ബില്യണ്‍ ഡോളറായിരുന്നു. ഇത് മൂന്നാം വര്‍ഷമാണ് കമ്പനി തുടര്‍ച്ചയായ ലാഭം കൊയ്യുന്നത്.
ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും ലാഭം നേടാമെന്നത് ഇനിമുതല്‍ സംശയത്തിന് വക നല്കുന്ന കാര്യമല്ലെന്നാണ് നിക്ഷേപകര്‍ക്ക് ടെസ്ല അയച്ച കത്തില്‍ പറയുന്നത്.
2021-ന്റെ നാലാമത്തെയും, അവസാനത്തെയും പാദത്തില്‍ 2.32 ബില്യണ്‍ ഡോളറാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റ 936,000 വാഹനങ്ങള്‍ എന്നതും ടെസ്ലയെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡാണ്. 2020-നെക്കാള്‍ ഏകദേശം ഇരട്ടിയാണിത്. നാലാം പാദത്തിലെ മാത്രം വില്‍പ്പന 308,600 എണ്ണം.