അയര്‍ലണ്ടില്‍ മാസങ്ങളായി തുടരുന്ന നീണ്ട ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പിന് ഇനിയും അവസാനമില്ല. നിലവില്‍ ശരാശരി 10 ആഴ്ചയാണ് ലേണര്‍ ഡ്രൈവര്‍മാര്‍ ടെസ്റ്റ് തീയതി ലഭിക്കാനായി കാത്തിരിക്കുന്നതെന്ന് The Road Safety Authority (RSA)-യുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം രാജ്യത്ത് ആകെയുള്ള 60 സെന്ററുകളില്‍ എട്ടെണ്ണത്തില്‍ ഈ കാത്തിരിപ്പ് സമയം 10 ആഴ്ചയിലും അധികമാണെന്നും, Drogheda സെന്ററില്‍ അത് 18 ആഴ്ചയോളമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ 33,000 പേരാണ് അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ആഴ്ചയില്‍ 3,500 പേര്‍ എന്ന നിരക്കില്‍ നടത്തിയാല്‍ 10 ആഴ്ചയെടുത്ത് മാത്രമേ കെട്ടിക്കിടക്കുന്ന ഈ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കൂവെന്നാണ് RSA പറയുന്നത്.
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും പല പ്രദേശങ്ങളിലും 10 ആഴ്ചയില്‍ കൂടുതലാണ് ടെസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പ് സമയം. രാജ്യത്ത് ഏറ്റവുമധികം കാത്തിരിപ്പ് വേണ്ടിവരുന്ന അഞ്ച് സെന്ററുകള്‍ ചുവടെ:
Drogheda – 18 weeks
Mulhuddart – 16 weeks
Mulhuddart (Carlton Hotel) – 14 weeks
Killester – 14 weeks
Galway – 14 weeks
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ മിക്കവയും ഒഴിവാക്കിയതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണ്. എന്നാല്‍ കൃത്യമായി ടെസ്റ്റ് നടത്തി ലൈസന്‍സ് ലഭിക്കാന്‍ സാഹചര്യമില്ലാത്തിനാല്‍ പലരും ജോലി, മറ്റാവശ്യങ്ങള്‍ എന്നിവയ്ക്ക് സ്വയം വാഹനമോടിച്ച് പോകാനാകാത്ത അവസ്ഥയിലുമാണ്.