ഡബ്ലിനിലെ പോസ്റ്റല്‍ സെന്ററില്‍ എത്തിയ ട്രക്കിന് പുറകില്‍ നിന്നും പിടികൂടിയ ആള്‍ യൂറോപ്പിലേയ്ക്ക് അനധികൃതമായി ഒളിച്ചുകടന്നതെന്ന് ഗാര്‍ഡ. തിങ്കളാഴ്ചയാണ് പാഴ്‌സലുമായി എത്തിയ ട്രക്കിന് പുറകില്‍ നിന്നും ഒരു പുരുഷനെ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു.
യൂറോപ്പിലേയ്ക്ക് ഒളിച്ചുകടന്ന ഇയാള്‍ കസ്റ്റംസിന്റെയും, ട്രക്ക് ഡ്രൈവറുടെയുമെല്ലാം കണ്ണുവെട്ടിച്ച് ട്രക്കിനകത്ത് ഇരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europrt വഴിയാണ് ട്രക്ക് അയര്‍ലണ്ടിലെത്തിയത്. അവിടെ നിന്ന് ഡബ്ലിനിലേയ്ക്കും. എന്നാല്‍ യൂറോപോര്‍ട്ടിലെ സ്‌കാനറില്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല. എല്ലാ വാഹനങ്ങളും കൃത്യമായി സ്‌കാന്‍ ചെയ്യാത്തതാണ് ഇതിന് കാരണം.
സാധാരണ ചരക്ക് ട്രക്കുകളില്‍ ഇത്തരത്തില്‍ ആളുകള്‍ അയര്‍ലണ്ടിലേയ്ക്കും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കടക്കാറുണ്ടെങ്കിലും, ഇതാദ്യമായാണ് An Post-ന്റെ ട്രക്കില്‍ ഇത്തരമൊരു സംഭവം നടക്കുന്നതെന്നാണ് കരുതുന്നത്. യൂറോപ്പിലെ പല പ്രദേശങ്ങള്‍ താണ്ടിയാണ് ഈ ട്രക്ക് അയര്‍ലണ്ടിലെത്തിയത്.
സംഭവം നിലവില്‍ കുടിയേറ്റ പ്രശ്‌നമായാണ് പരിഗണിക്കുന്നതെന്നും, ഇദ്ദേഹത്തെ മടക്കിയയ്ക്കുമെന്നുമാണ് ഗാര്‍ഡ പറയുന്നത്.