കോവിഡ് മഹാമാരിയെ തുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയ ഭൂരിപക്ഷം നിയന്ത്രണങ്ങളും നാളെ മുതൽ ഇല്ലാതെയാവും.
വെള്ളിയാഴ്ച വൈകിട്ട് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ രാജ്യത്തെ അതിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിയന്ത്രണങ്ങളിലെ ഇളവ് പ്രഖ്യാപിച്ചത്.
ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ ആണ് രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി ഇന്റർനാഷണൽ യാത്രകൾക്ക് മാത്രമേ ആവശ്യമാവൂ. ബാറുകൾ, റെസ്റ്റോറെന്റുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ നാളെ മുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. അടക്കേണ്ട സമയം, ആളുകളുടെ എണ്ണം , വാക്‌സിൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാതൊരു നിയന്ത്രങ്ങളും ഇല്ലാതെ സാധാരണ പോലെ പ്രവർത്തിക്കാം.
വീടുകളിൽ ആളുകൾ കൂടുന്നതിനും ഇനി മുതൽ നിയന്ത്രണങ്ങൾ ഇല്ല.തിങ്കളാഴ്ച മുതൽ ആളുകൾക്ക് ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിലും നിയന്ത്രണം ഉണ്ടാവില്ല.
ദേവാലയങ്ങളിൽ , കായിക മത്സരങ്ങളിൽ ഉൾപ്പെടെ ഉള്ള എല്ലാ പൊതു / സ്വകാര്യ പരിപാടികളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടാവില്ല.
കോവിഡ് ബാധിച്ചവർ, ലക്ഷണങ്ങൾ ഉള്ളവർ എടുക്കേണ്ട മുൻകരുതലുകൾ തുടരും.
മാസ്കുകൾ ധരിക്കുക, സ്കൂളുകളിലെ നിയന്ത്രണം എന്നിവ തുടരും. അവയും മാർച്ചിലോടെ ഇല്ലാതാവും.