അയര്‍ലണ്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ മിക്കതും മാര്‍ച്ച് 31-ഓടെ പിന്‍വലിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യത്ത് ഇന്നലെ 11,683 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വരദ്കറുടെ പ്രസ്താവന.
കോവിഡ് കേസുകളില്‍ വലിയ കുറവില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും, ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണത്തിലും, മരണത്തിലും കുറവ് വന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് Fine Gael-ന്റെ ഒരു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വരദ്കര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ വരദേകര്‍, പക്ഷേ അക്കാര്യത്തില്‍ നിലവില്‍ ഉറപ്പൊന്നും നല്‍കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
979 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രി ചികിത്സയിലുള്ളത്. ഇതില്‍ 93 പേരാണ് ഐസിയുവില്‍.
നിയമപ്രകാരം മാര്‍ച്ച് 31-ന് നിലവിലെ നിയന്ത്രണങ്ങള്‍ അവസാനിക്കാനിരിക്കുകയാണ്. എങ്കിലും വേണമെങ്കില്‍ ജൂണ്‍ വരെ നിയന്ത്രണങ്ങള്‍ നീട്ടാവുന്നതാണ്. നിലവിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞാലും വിദേശയാത്രയ്ക്ക് കോവിഡ് പാസ്, മാസ്‌ക് ധരിക്കല്‍, ആള്‍ക്കൂട്ടനിയന്ത്രണം, രോഗലക്ഷണമുള്ളവര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ എന്നിവ തുടരുമെന്ന് വരദ്കര്‍ വ്യക്തമാക്കി. റസ്റ്ററന്റുകളിലെ നിയന്ത്രണം, വര്‍ക്ക് ഫ്രം ഹോം എന്നിവ അവസാനിപ്പിച്ചേക്കും.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിന് രോഗതീവ്രത കുറവായതും, രോഗബാധയും, വാക്‌സിനും കാരണം ജനങ്ങളുടെ പ്രതിരോധം വര്‍ദ്ധിച്ചതുമാണ് വരദ്കറിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതാകാം ആശുപത്രികളില്‍ കൂടുതല്‍ പേര്‍ അഡ്മിറ്റ് ആകാതിരിക്കാന്‍ കാരണം.
അതേസമയം ഈ വര്‍ഷം അവസാനത്തോടെ പുതിയ കൊറോണ വകഭേദങ്ങള്‍ ഉണ്ടായേക്കാമെന്നും, അതിനായി രാജ്യം കരുതിയിരിക്കണമെന്നും വരദ്കര്‍ ഓര്‍മ്മിപ്പിച്ചു. അതിനായി മറ്റൊരു വാക്‌സിനേഷന്‍ പദ്ധതി കൂടി ആവിഷ്‌കരിക്കേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.