ആഷ്‌ലിങ് മർഫി കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. Tullamore-ലെ Grand Canal-ന് സമീപം ജനുവരി 12-നാണ് ടീച്ചറും, സംഗീതജ്ഞയുമായ ആഷ്‌ലിങ് മർഫിയെ (23) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി. ഇയാള്‍ ഡബ്ലിനിലെ ഒരു ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങളൊന്നും ഗാര്‍ഡ പുറത്തുവിട്ടിട്ടില്ല.
30-ലേറെ പ്രായമുള്ള ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.
ദേഹത്ത് പരിക്കേറ്റ് ചികിത്സ തേടിയ ഇയാള്‍ പരിക്കേറ്റത് എങ്ങനെയെന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഗാര്‍ഡ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളാണ് പ്രതിയെന്ന് സംശയിക്കാന്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ആഷ്‌ലിങ് മർഫിയുടെ സംസ്‌കാരം Mountbolus ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നു. ഒട്ടേറെപ്പേരാണ് ആഷ്‌ലിങ്ങിന് ആദരാഞ്ജലികളുമായി എത്തിയത്. St Brigid’s Church-ല്‍ ആഷ്‌ലിങ്ങിന്റെ അന്ത്യ കുര്‍ബാന നടന്നയിടത്തും ഏറെപ്പേര്‍ ഒത്തുകൂടിയിരുന്നു.
സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തെപ്പറ്റി ആശങ്കയുണര്‍ത്തുന്നതാണ് ആഷ്‌ലിങ് നേരിട്ട അനുഭവമെന്ന് Bishop Deenihan പറഞ്ഞു. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് എന്നിവരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ Minister for Justice Helen McEntee, Minister for Education Norma Foley, Minister for Tourism Catherine Martin എന്നിവരും സന്നിഹിതരായിരുന്നു.