സ്‌കൂളില്‍ നിന്നും ട്രിപ്പ് പോയ ബസ് അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ പെണ്‍കുട്ടിക്ക് 58,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2019 ജനുവരി 29-ന് Mulhuddart-ല്‍ വച്ചാണ് ഡബ്ലിന്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സ്വദേശിയായ Kelly-Marie Jackson (14) സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്.
ഉയരം കുറഞ്ഞ ഒരു പാലത്തിലേയ്ക്ക് ബസ് കടക്കാന്‍ ശ്രമിച്ചതോടെ ബസിന്റെ മുകള്‍ ഭാഗം പാലത്തിന്റെ മുകള്‍ ഭാഗത്ത് ഉരസി. തുര്‍ന്ന് ഈ ഭാഗം പൊട്ടിമാറി. ഈ സമയം ബസിലുണ്ടായിരുന്ന കെല്ലിക്ക് ചുണ്ടിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ അരയ്ക്കും, തോളിനും പരിക്കേറ്റ പെണ്‍കുട്ടിയുടെ താഴത്തെ നിരയിലെ പല്ലുകള്‍ ചുണ്ട് തുളയ്ക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു.
അപകടം കാരണം ഷോക്കിലായ കെല്ലി, പിന്നീട് post-traumatic stress disorder അനുഭവിച്ചതായും കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഉയരം കുറഞ്ഞ പാലമാണെന്ന് മനസിലാക്കിയ പല കുട്ടികളും ബസ് പാലം കടക്കും മുമ്പ് തന്നെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
തുടര്‍ന്ന് കേസ് 58,000 യൂറോയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ കോടതി വിധിക്കുകയായിരുന്നു.