കോവിഡ് ബാധ കാരണം ഫാർമസികളിൽ ആവശ്യത്തിന് ജീവനക്കാരില്ല; മരുന്നുകൾ അഡ്വാൻസ് ആയി ഓർഡർ ചെയ്യണമെന്ന് ഫാർമസി ഉടമകൾ

രാജ്യത്ത് രൂക്ഷമായ കോവിഡ് ബാധ കാരണം ഫാര്‍മസികളില്‍ ആവശ്യത്തിന് ജോലിക്കാര്‍ എത്താത്ത സാഹചര്യത്തില്‍, ജനങ്ങള്‍ മരുന്നുകള്‍ അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി Irish Pharmacy Union (IPU). ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പല ഫാര്‍മസികളും പ്രവര്‍ത്തനസമയം കുറയ്ക്കുകയോ, അടച്ചിടുകയോ ചെയ്യേണ്ടിവരുന്നതായും IPU വ്യക്തമാക്കി.

സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ മരുന്ന് തീരും മുമ്പ് തന്നെ പ്രിസ്‌ക്രിപ്ഷന്‍ നല്‍കി ഓര്‍ഡര്‍ ചെയ്യണമെന്നാണ് ഫാര്‍മസികള്‍ അഭ്യര്‍ത്ഥിക്കുന്നത്. തങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നത് ഒഴിവാക്കാനും, മരുന്നുകള്‍ കൃത്യസമയത്ത് തന്നെ ലഭിക്കാനും ഇത് സഹായിക്കുമെന്ന് IPU പറഞ്ഞു.

അതേസമയം ജീവനക്കാരുടെ കുറവിനിടയിലും തങ്ങള്‍ വാക്‌സിനേഷന്‍ കുത്തിവെപ്പുകള്‍ നല്‍കാന്‍ പരമാവധി ശ്രമം തുടരുന്നതായി IPU വ്യക്തമാക്കി.

കോവിഡ് ബാധ, രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം, മറ്റ് രോഗങ്ങള്‍ എന്നിവയാണ് ഫാര്‍മസികളില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കാന്‍ കാരണം. നേരത്തെ തന്നെ ഫാര്‍മസികളില്‍ ആവശ്യത്തിന് ജോലിക്കാരുടെ കുറവ് ഉണ്ടായിരുന്നുവെന്നും, എന്നാല്‍ സേവനം ഏറ്റവുമധികം വേണ്ട സമയത്ത് ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും IPU ജനറല്‍ സെക്രട്ടറി Darragh O’Loughlin പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: