കോവിഡ്-19-നെ ചെറുക്കാനായി 90 മില്യണ്‍ യൂറോ ചെലവിട്ട് ആന്റി-വൈറല്‍ ഗുളികകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Pfizer, GlaxoSmithKline, Merck എന്നീ കമ്പനികള്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ ഗുളികകളാണ് വാങ്ങുക.
പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശം ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഡോനലി അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യമായി നടന്ന മന്ത്രിസഭാ യോഗമായിരുന്നു ഇന്നലത്തേത്.
മറ്റ് രോഗങ്ങള്‍ കാരണം അപകടാവസ്ഥയിലുളള രോഗികള്‍ക്ക് ഈ ഗുളികകള്‍ ഫലപ്രദമാണെന്നും, ആശുപത്രിയില്‍ പ്രശിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും, കോവിഡ് മരണം ഇല്ലാതാക്കാനും ഇവ സഹായിക്കുമെന്നുമാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഈ ഗുളികള്‍ European Medicines Agency (EMA) അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്.
അതേസമയം ഇന്ത്യയില്‍ ഏതാനും കോവിഡ് പ്രതിരോധ ഗുളികകള്‍ ഉപയോഗിക്കാന്‍ നേരത്തെ അടിയന്തരാനുമതി നല്‍കിയിരുന്നു. അത്തരമൊരു നീക്കത്തിനാണ് ഐറിഷ് സര്‍ക്കാരും മുതിരുന്നത്. യുഎസിലും Pfizer നിര്‍മ്മിച്ച Paxlovid എന്ന ഗുളിക 12 വയസിന് മേലുള്ളവര്‍ക്ക് നല്‍കാന്‍ ഡിസംബര്‍ അവസാനം അനുമതി നല്‍കിയിരുന്നു.
Paxlovid ഗുളികകള്‍ക്ക് 90% വരെ ആശുപത്രി ചികിത്സയും, മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Merck & Co’s നിര്‍മ്മിച്ച മറ്റൊരു ഗുളികയ്ക്കും യുഎസില്‍ അനുമതി നല്‍കിയിട്ടുണ്ട്.
Pfizer, Merck എന്നിവയുടെ ഗുളികകള്‍ ശരീരത്തില്‍ കൊറോണ വൈറസ് പെരുകുന്നത് തടയുകയാണ് ചെയ്യുന്നത്. വൈറസിന്റെ ജനിതക കോഡില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് Merck ഗുളിക ഇത് ചെയ്യുന്നത് എന്നതിനാല്‍, പുതിയ വൈറസ് വകഭേദം ഉണ്ടാകാന്‍ ഇത് കാരണമാകുമെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. ദിവസത്തില്‍ രണ്ട് തവണ വീതം 4 ഗുളികകള്‍ എന്നതാണ് ഈ മരുന്നിന്റെ ചികിത്സാ രീതി.
മറ്റൊരു ഗുളികയായ Ridgeback Biotherapeutics-ന്റെ molnupiravir, ആശുപത്രി ചികിത്സയും, മരണവും 30% വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍.