കാലാവധി തീരാനിരിക്കുന്ന അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ താല്‍ക്കാലികമായി മെയ് 31, 2022 വരെ നീട്ടുന്നതായി നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. 2022 ജനുവരി 15-നും, 2022 മെയ് 31-നും ഇടയ്ക്ക് കാലാവധി തീരാനിരിക്കുന്ന പെര്‍മിഷനുകളുടെ കാര്യത്തില്‍് ഈ ആനുകൂല്യം ലഭിക്കും.
അതോടൊപ്പം നേരത്തെ എട്ട് തവണ സര്‍ക്കാര്‍ പെര്‍മിഷന്‍ കാലാവധി നീട്ടി നല്‍കിയിരുന്നതിലൂടെ ആനുകൂല്യം ലഭിച്ചവര്‍ക്കും പുതിയ കാലാവധി നീട്ടല്‍ ബാധകമാണ്. അതായത് 2020 മാര്‍ച്ച് മുതല്‍ കാലാവധി നീട്ടിക്കിട്ടിയവര്‍ക്ക് 2022 മെയ് 31 വരെ കൂടി ഇത് നീട്ടിക്കിട്ടും. കാലാവധി തീര്‍ന്നവരും, തീരാനിരിക്കുന്നവരും മെയ് 31-ഓടെ ഇനി പെര്‍മിഷന്‍ പുതുക്കിയാല്‍ മതി.
അതേസമയം ജനുവരി 15-ഓടെ Irish Residence Permit (IRP) കാലാവധി തീരുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് നാട്ടില്‍ പോയി തിരികെ അയര്‍ലണ്ടിലേയ്ക്ക് പ്രവേശിക്കണമെങ്കില്‍ പുതിയ IRP കാര്‍ഡ് ലഭിച്ചിരിക്കുകയോ, കാര്‍ഡ് പുതുക്കുകയോ ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ റീ-എന്‍ട്രി വിസ ലഭിക്കൂ. പക്ഷേ കുട്ടികള്‍ക്ക് ഇത് ബാധകമല്ല. അയര്‍ലണ്ടില്‍ താമസിക്കാന്‍ സാധുതയുള്ള IRP കാര്‍ഡ് കൈവശമുള്ള രക്ഷിതാവിനൊപ്പമാണ് കുട്ടി തിരികെ വരുന്നതെങ്കില്‍, കുട്ടികളുടെ പെര്‍മിഷന്‍ കാലാവധി അവസാനിച്ചതാണെങ്കിലും 2022 മെയ് 31 വരെ തിരികെ പ്രവേശനം ലഭിക്കും.
ഡബ്ലിന്‍ പ്രദേശത്ത് ആദ്യമായി പെര്‍മിഷന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി പുതിയ ടെലിഫോണ്‍ ബുക്കിങ് സംവിധാനവും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ജനുവരി മുതല്‍ നിലവില്‍ വരുന്ന സംവിധാനം ബുക്കിങ് തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 2022-ഓടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും നിലവില്‍ വരും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/