ആശുപത്രി അധികൃതരുടെ കൈപ്പിഴ കാരണം ജനനത്തില്‍ തകരാര്‍ സംഭവിച്ച അഞ്ച് വയസുകാരി National Maternity Hospital-നെതിരെ നല്‍കിയ കേസ് 3 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. ഡബ്ലിന്‍ സ്വദേശിയായ Alex Donnelly Byrne എന്ന കുട്ടിയാണ് താന്‍ ജനിച്ചപ്പോള്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ പരിചരിച്ചത് കാരണമാണ് പിന്നീട് ഗുരുതരമായ spastic quadriplegia, dyskinetic cerebral palsy എന്നീ അസുഖങ്ങള്‍ ബാധിച്ചതെന്ന് കാട്ടി ആശുപത്രിക്കെതിരെ പരാതി നല്‍കിയത്.
സംസാരിക്കാന്‍ പോലും പറ്റാത്ത കുട്ടി കണ്ണുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന മെഷീന്‍ സഹായത്തോടെയാണ് ആശയവിനിമയം നടത്തുന്നത്. കാഴ്ചയ്ക്കും തകരാറുണ്ട്. കോവിഡ് ഭീഷണി കാരണം വീഡിയോ ലിങ്ക് വഴിയാണ് കുട്ടിയും മാതാപിതാക്കളും വിചാരണയ്ക്ക് ഹാജരായത്.
2016 ജനുവരി 13-ന് അലക്‌സ് ജനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് കൈപ്പിഴ ഉണ്ടായി എന്നാണ് കേസില്‍ ആരോപിക്കുന്നത്. അലക്‌സിന്റെ അമ്മ Anne Donnelly വഴിയാണ് കേസ് നല്‍കിയത്.
ജനുവരി 12-നായിരുന്നു ആനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ തന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തിനുള്ളില്‍ ആവശ്യമായ ചലനം ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. CTG റെക്കോര്‍ഡിങ് വഴി കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുകയും അതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജനുവരി 13 പുലര്‍ച്ചെ 2 മണിയോടെ സിസേറിയന്‍ വഴി അലക്‌സ് ജനിച്ചു. എന്നാല്‍ ജനിച്ചയുടന്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടിക്ക് ചികിത്സ ആവശ്യമായിരുന്നു.
ആശുപത്രിയിലെത്തി ഏറെ വൈകാതെ തന്നെ പ്രസവം നടത്തിയിരുന്നെങ്കില്‍ കുട്ടിക്ക് ഇത്രത്തോളം ആരോഗ്യപരമായ തകരാറുകളുണ്ടാകില്ലായിരുന്നുവെന്നാണ് കേസില്‍ പറയുന്നത്. പ്രസവത്തിന് മുമ്പ് അമ്മയുടെയും, കുട്ടിയുടെയും ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയതായും കേസില്‍ ആരോപണമുയര്‍ന്നു.
ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, പ്രസവം 23 മിനിറ്റ് വൈകിയാണ് നടത്തിയതെന്ന കാര്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചു. അതേസമയം പ്രസവം വൈകിയതിനാലല്ല കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും ആശുപത്രി വാദിച്ചു. തുടര്‍ന്ന് 3 മില്യണ്‍ യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി.
തുക അലക്‌സിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.