അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ സാന്നിദ്ധ്യവും വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ National Public Health Emergency Team (Nphet) നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ അധികനിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ക്രിസ്മസ് കാലത്ത് കൂടുതല്‍ സമ്പര്‍ക്കങ്ങളുണ്ടാകുമെന്നത് മുന്നില്‍ക്കണ്ടുകൂടിയാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിനിരിക്കുന്നത്.
ഇന്ന് (ഡിസംബര്‍ 19 ഞായര്‍) മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ ചുവടെ:
ഹോസ്പിറ്റാലിറ്റി മേഖല
റസ്റ്ററന്റുകള്‍ പബ്ബുകള്‍ തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാത്രി 8 മണിയോടെ അടയ്ക്കണം. അതേസമയം ടേക്ക് എവേ, ഡെലിവറി സര്‍വീസ് എന്നിവയ്ക്ക് ഈ സമയം ബാധകമല്ല.
ഇതിനു പുറമെ രാത്രി തങ്ങുന്നവര്‍ ഉണ്ടെങ്കില്‍ ഹോട്ടലുകള്‍ക്കും 8 മണിക്ക് ശേഷം പ്രവര്‍ത്തിക്കാം.
മറ്റ് നിയന്ത്രണങ്ങള്‍:
- ടേബിളില്‍ മാത്രം സര്‍വീസ്
- ടേബിളുകള്‍ തമ്മില്‍ 1 മീറ്റര്‍ അകലം
- ഒരു ടേബിളില്‍ പരമാവധി 6 പേര്‍ (12 വയസിന് താഴെയുള്ള കുട്ടികളുണ്ടെങ്കില്‍ പരമാവധി 15 പേര്‍)
- ഒന്നിലധികം ടേബിളുകള്‍ ഒരേസമയം ബുക്ക് ചെയ്യാന്‍ സാധ്യമല്ല
- ടേബിളിന് മുന്നില്‍ ഇരിക്കുമ്പോള്‍ ഒഴികെ ബാക്കിയെല്ലാം സമയവും മാസ്‌ക് ധരിച്ചിരിക്കണം.
സാമൂഹിക സമ്പര്‍ക്കങ്ങള്‍
ജനങ്ങള്‍ എല്ലാ തരത്തിലുള്ള സമ്പര്‍ക്കങ്ങളും കുറയ്ക്കാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടായാല്‍, അവര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തവരല്ലെങ്കില്‍ തൊട്ടത്തടുത്ത 10 ദിവസത്തേയ്ക്ക് യാത്രകളും, മറ്റ് സമ്പര്‍ക്കങ്ങളും ഒഴിവാക്കണം. അഥവാ ബൂസ്റ്റര്‍ ഷോട്ട് എടുത്തവരാണെങ്കില്‍ നിയന്ത്രണം 5 ദിവസം മതി.
ഒരേസമയം പരമാവധി നാല് വീട്ടുകാര്‍ മാത്രമേ ഒത്തുചേരാന്‍ പാടുള്ളൂ.
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഉണ്ടാകാവുന്ന സമ്പര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുക.
ഔട്ട്‌ഡോര്‍ പരിപാടികള്‍
സ്‌പോര്‍ട്‌സ് പരിപാടികളടക്കമുള്ളവയ്ക്ക് 50 ശതമാനം മാത്രം കപ്പാസിറ്റിയോടെ പ്രവേശനം അനുവദിക്കാം. പരമാവധി 5,000 പേര്‍.
ഇന്‍ഡോര്‍ പരിപാടികള്‍
8 മണിക്ക് ശേഷം ഇന്‍ഡോര്‍ പരിപാടികള്‍ നടത്താന്‍ പാടില്ല. അതേസമയം മതപരമായ ചടങ്ങുകള്‍ രാത്രി 8 മണിക്ക് ശേഷവും നടത്താമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
8 മണിക്ക് മുമ്പ് നടത്തുന്ന എല്ലാവിധ ഇന്‍ഡോര്‍ പരിപാടികളിലും 50% കപ്പാസിറ്റിയില്‍ മാത്രം ആളുകളെ പങ്കെടുപ്പിക്കാം. പരമാവധി 1,000 പേര്‍. പരിപാടിക്കിടെ ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ എന്നിവയ്ക്കല്ലാതെ മാസ്‌ക് അഴിക്കാന്‍ പാടില്ല.
യാത്ര
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് റിക്കവറി സര്‍ട്ടിഫിക്കറ്റ്, നെഗറ്റീവ് PCR/ ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് എന്നിവയുമായി പുറം രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്താം. അയര്‍ലണ്ടില്‍ പ്രവേശിച്ച ശേഷം 5 ദിവസത്തിന് ശേഷം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കാന്‍ ആന്റിജന്‍ ടെസ്റ്റും നടത്തണം.
വിവാഹം
വിവാഹങ്ങള്‍ രാത്രി 8 മണിക്ക് ശേഷവും നടത്താം. പക്ഷേ ക്ഷണിതാക്കളുടെ എണ്ണം 100 കവിയരുത്.
ഇതിനിടെ അയര്‍ലണ്ടില്‍ ഇന്നലെ 7,333 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 410 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 107 പേര്‍ ഐസിയുവിലാണ്.