അയര്‍ലണ്ടിലെ ഭവനവില വീണ്ടും കുതിക്കുന്നു. Central Statistics Office (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 13.5% ആയാണ് രാജ്യത്തെ ഭവനവില വര്‍ദ്ധിച്ചിരിക്കുന്നത്.
ഡബ്ലിനില്‍ 12.3%, തലസ്ഥാനത്തിന് പുറത്ത് 14.6% എന്നിങ്ങനെയാണ് വില വര്‍ദ്ധന.
അപ്പാര്‍ട്ട്മെന്റുകള്‍, വീടുകള്‍ എന്നിങ്ങനെയാക്കി തിരിക്കുമ്പോള്‍ ഡബ്ലിനില്‍ വീടുകള്‍ക്ക് 13.3 ശതമാനവും, അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 8.1 ശതമാനവും ആണ് വില കൂടിയിരിക്കുന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം വര്‍ദ്ധിച്ച പ്രദേശം ഡബ്ലിന്‍ സിറ്റി ആണ്- 15.5% വര്‍ദ്ധന. Fingal-ല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത് 9.6%.
ഡബ്ലിന്‍ പുറത്ത് വീടുകള്‍ക്ക് 14.7 ശതമാനവും, അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 13.4 ശതമാനവും ആണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം അതിര്‍ത്തിപ്രദേശങ്ങളില്‍ 24.1% ആയി വില കുത്തനെ വര്‍ദ്ധിച്ചു. മധ്യ-കിഴക്കന്‍ പ്രദേശങ്ങളില്‍ 11.5% വര്‍ദ്ധനയാണ് സംഭവിച്ചത്.
വില വര്‍ദ്ധിച്ചെങ്കിലും രാജ്യത്ത് വീടുകളുടെ വില്‍പ്പനയില്‍ കുറവൊന്നും വന്നിട്ടില്ല. ഒക്ടോബര്‍ മാസത്തില്‍ 4,335 വീടുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 12.7% അധികമാണിത്. ആകെ വിറ്റുപോയ വീടുകളില്‍ 85.1% നേരത്തെ നിര്‍മ്മിക്കപ്പെട്ടവയും, 14.9% പുതിയവയുമാണ്.
രാജ്യത്തെ ആകെ കണക്കെടുക്കുമ്പോള്‍ ശരാശരി ഭവനവില 275,000 യൂറോ ആണ്.
ശരാശരി വില ഏറ്റവും കുറവ് Longford-ലാണ്- 129,000 യൂറോ. ഏറ്റവുമധികം Dún Laoghaire-Rathdown-ലും- 580,000 യൂറോ.