അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്ക് അറിയാതെ മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കാന്‍ ശ്രമിച്ച 46 കേസുകള്‍ 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇതില്‍ 25 എണ്ണം സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ ശ്രമിച്ച കേസുകളാണെന്നും മക്കന്റീ വ്യക്തമാക്കി.
രാജ്യത്ത് ഈയിടെയായി ആള്‍ക്കൂട്ടത്തിനിടയിലും മറ്റും മയക്കുമരുന്ന് കലര്‍ത്തിയ സിറിഞ്ചുകളുമായെത്തി സ്ത്രീകളുടെ ദേഹത്ത് അവ കുത്തിവെയ്ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെ പാര്‍ട്ടികളിലും മറ്റും മദ്യത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ കേസുകളുമുണ്ട്. യു.കെയിലും സമാനമായ ഒട്ടനവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘Spiking’ എന്നാണ് ഇത്തരം സംഭവങ്ങള്‍ അറിയപ്പെടുന്നത്.
രാത്രികളില്‍ പുറത്തുപോകുമ്പോള്‍ കഴിക്കുന്ന മദ്യം സുരക്ഷിതമാണോ എന്ന ഭയമില്ലാതെ തന്നെ ആസ്വദിക്കാന്‍ സാധിക്കണമെന്ന് മക്കന്റീ പറഞ്ഞു. spiking കേസുകള്‍ പുറത്തറിയാതെ പോകരുതെന്നും അവര്‍ പറഞ്ഞു.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലളവിലാണ് 46 spiking കേസുകള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാതെ പോയ കേസുകള്‍ വേറെയുമുണ്ടാകാം. എന്ത് വന്നാലും ഇത്തരം സംഭവങ്ങള്‍ ഉടന്‍ ഗാര്‍ഡയെ അറിയിക്കണമെന്ന് മക്കന്റീ പറഞ്ഞു.
ഇത്തരത്തില്‍ spiking നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലാണ് അയര്‍ലണ്ടിലെ നിയമങ്ങള്‍. Spiking നടത്തിയ ശേഷം ലൈംഗികോപദ്രവവും, പീഡനവും നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും, ഇത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഇത് അനുഭവിക്കുന്നവരെ പിന്തുണയ്ക്കാനും, സഹായിക്കാനും ഇവിടെ സംവിധാനങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമാന സംഭവങ്ങളില്‍ പലതിലും വിദ്യാര്‍ത്ഥികളാണ് ഇരകളെന്നും, ഇത് ആശങ്കാജനമകാണെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസും പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ സുരക്ഷിതമായി വീടെത്തുന്നു എന്ന് ഉറപ്പാക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 999 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.