അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി HSE. ഈ പ്രായക്കാരില്‍ Pfizer വാക്‌സിന്‍ ഉപയോഗിക്കുന്നതിനായി European Medicines Agency (EMA) നവംബര്‍ അവസാനം അംഗീകാരം നല്‍കിയിരുന്നു. അതേസമയം മുതിര്‍ന്നവരിലും, കൗമാരക്കാരിലും ഉപയോഗിക്കുന്നതിലും കുറഞ്ഞ ഡോസ് മാത്രമേ 12 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കാവൂ എന്ന് EMA പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 12-ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ നല്‍കിവരുന്നത്.
പദ്ധതിയുടെ ഭാഗമായി 12 വയസില്‍ താഴെയുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ക്ക് ഡിസംബര്‍ 20 മുതല്‍ വാക്‌സിന്‍ നല്‍കാനാരംഭിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ശേഷം മറ്റ് കുട്ടികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ജനുവരി 10 മുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കും.
മറ്റ് രോഗാവസ്ഥകള്‍ ഉള്ള കുട്ടികള്‍, രോഗപ്രതിരോധ ശേഷി കുറവായ കുട്ടികള്‍, മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്കോ, മുതിര്‍ന്നവര്‍ക്കോ ഒപ്പം താമസിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് എന്നാണ് National Immunisation Advisory Committee (NIAC) നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലും കുറഞ്ഞ ഡോസില്‍ മൂന്ന് ആഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ നല്‍കും.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള പൂര്‍ണ്ണമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ വായിക്കാം: https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/covid-19-vaccination-for-children/
രാജ്യത്ത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഉള്ള കുട്ടികള്‍ക്കിടയില്‍ കോവിഡ് ബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 9 വയസും, അതിന് മേല്‍പ്പോട്ടുമുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ ഈയിടെ നിര്‍ദ്ദേശമിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് രോഗബാധ കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ കൂടിയാണ് അവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പുതിയ തീരുമാനം.
5-11 പ്രായക്കാരായ ഏകദേശം 480,000 കുട്ടികള്‍ അയര്‍ലണ്ടിലുണ്ടെന്നാണ് കണക്ക്.