അയര്‍ലണ്ടില്‍ അഞ്ച് പേരില്‍ കൂടി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ആറ് ആയി. ഡിസംബര്‍ 1-നായിരുന്നു ആദ്യ കേസ് സ്ഥിരീകരിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ വകഭേദം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഈയിടെ കണ്ടെത്തിയിരുന്നു. 30-ഓളം ജനിതകമാറ്റങ്ങള്‍ (mutations) ഉള്ളതായാണ് പറയപ്പെടുന്നതെങ്കിലും വ്യാപനം സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ജീനോം സീക്വന്‍സിങ് വഴിയാണ് ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കുന്നത്. ഒമിക്രോണിന്റെ വരവോടെ രാജ്യത്ത് വീണ്ടും യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും, നെഗറ്റീവ് RTPCR റിസല്‍ട്ട് നിര്‍ബന്ധമാക്കുകയും ചെയ്തത് കഴിഞ്ഞയാഴ്ചയാണ്.
അയര്‍ലണ്ടില്‍ കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന് HSE ചീഫ് എക്‌സിക്യുട്ടിവ് Paul Reid ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറുമെന്നും, അതിന് എത്ര സമയമെടുക്കും എന്നത് മാത്രമാണ് ചോദ്യമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിനിടെ 4,022 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 530 പേര്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 115 പേര്‍ ICU-വിലും.