മൊബൈലില്‍ നിന്നും ലാന്ഡ്ഫോണ് നമ്പറിലേയ്ക്ക് മാറാന്‍ അപേക്ഷ നല്കിയ ഉപഭോക്താക്കള്‍ക്ക് കാലതാമസം നേരിട്ടതിനും, ഉപഭോക്താക്കളുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്ന കോഡ് നല്‍കുന്നിതില്‍ താമസം വരുത്തിയതിനും മൊബൈല്‍ സേവനദാതാക്കളായ വോഡഫോണിന് 13,000 യൂറോ പിഴ. 2020, 2021 തുടക്കം എന്നീ കാലങ്ങളില്‍ സംഭവിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് Commission for Communications Regulation (ComReg) വോഡഫോണ്‍ മൊബൈല്‍ നെറ്റ് വര്‍ക്കിനും, ബ്രോഡ്ബാന്‍ഡിനുമെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കേസില്‍ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡബ്ലിന്‍ ജില്ലാ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. ComReg-ന് കേസ് നടത്തിപ്പിനായി ചെലവായ 20,000 യൂറോയും അധികമായി നല്കാന് കോടതി വിധിയിുണ്ട്. വിധികള്‍ വോഡഫോണ്‍ അംഗീകരിച്ചു.
മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ലാന്‍ഡ് ഫോണ്‍ നമ്പറിലേയ്ക്ക് മാറാനായി അപേക്ഷിച്ച പുതിയ ഉപഭോക്താക്കള്‍ക്കാണ് ഇതിനായി കാലതാമസം നേരിട്ടത്. ഇതിന്റെ പേരിലാണ് ആദ്യ കേസ്.
മറ്റൊരു നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ ആഗ്രഹിച്ച ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഹാന്‍ഡ് സെറ്റ് അണ്‍ലോക്ക് കോഡ് നല്കുന്നതില് വോഡഫോണ്‍ വീഴ്ച വരുത്തിയത് സംബന്ധിച്ചാണ് രണ്ടാമത്തെ കേസ്.
ഈ പ്രശ്നങ്ങളുടെ പേരില്‍ നിരവധി പരാതികളാണ് കമ്പനിക്കെതിരെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് ComReg കോടതിയില്‍ ബോധിപ്പിച്ചിരുന്നു.