കോവിഡ് പ്രതിസന്ധിക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിപ്പ് തുടരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ബിസിസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ Ibec-ന്റെ Quarterly Economic Outlook-ല്‍ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 13% അഭിവൃദ്ധി പ്രാപിക്കുമെന്നാണ് പ്രവചനം. 2022-ല്‍ 6 ശതമാനവും.
അതേസമയം രാജ്യത്ത് തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിന് സാധ്യതയുണ്ടെന്നും, ഇതാകും സാമ്പത്തികരംഗം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം വര്‍ദ്ധിച്ചുവരുന്നതാണ് നാം കാണുന്നതെന്നും, ഈ തുക വിപണിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും വളര്‍ച്ചയുടെ സൂചനയായി Ibec ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ഭാവിയിലും തുടരും.
രാജ്യം നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്‌നം സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കൃത്യമായ സംവിധാനം (supply chain) ഇല്ലാത്തതാണ്. ആവശ്യക്കാരും, സാധനങ്ങളും ഉണ്ടെങ്കിലും, അവ വിതരണം ചെയ്യാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും.
ക്രിസ്മസ് കാലം സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലെ ട്രെന്‍ഡ് അനുസരിച്ച് കണക്കുകൂട്ടിയാല്‍ ഈ വര്‍ഷത്തെ ക്രിസ്മസിന് 5.4 ബില്യണ്‍ യൂറോ ഷോപ്പിങ്ങിനും മറ്റുമായി ചെലവഴിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും Ibec റിപ്പോര്‍ട്ട് പറയുന്നു. ശരാശരി ഒരു വീട്ടില്‍ നിന്നും 800 യൂറോ ക്രിസ്മസിനായി ചെലവാക്കപ്പെടും. അതേസമയം ഇത് സാധനങ്ങള്‍ക്ക് മേലുള്ള ചെലവാണെന്നും, സേവനങ്ങള്‍ക്ക് ഇത്രയും ചെലവ് ഇത്തവണ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
ഓണ്‍ലൈന്‍ വഴിയുള്ള പേയ്‌മെന്റുകള്‍ വളരെയേറെ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019-നെ അപേക്ഷിച്ച് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ 50% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്.