അടിയന്തരാവശ്യത്തിന് വിളിച്ച ശേഷം രണ്ട് മണിക്കൂറോളം വൈകി ആംബുലന്‍സും, പാരാമെഡിക്കല്‍ സംഘവും എത്തിയത് അടക്കമുള്ള ഗുരുതര വീഴ്ചകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് National Ambulance Service. 2021-ലെ ആദ്യ ആറ് മാസങ്ങളിലുള്ള ആംബുലന്‍സുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
Wexford, Cork, Kerry എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ആംബുലന്‍സുകള്‍ വൈകിയെത്തിയ സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകമാനം ഒരു മണിക്കൂറിലേറെ സമയമെടുത്ത് മാത്രം സംഭവസ്ഥലത്തെത്തിയ ആംബുലന്‍സുകളില്‍ 75 ശതമാനത്തിലേറെയും ഈ പ്രദേശങ്ങളിലാണ് എന്നതാണ് ഞെട്ടിക്കുന്നത്.
ആംബുലന്‍സുകള്‍ വൈകിയെത്താനുള്ള കാരണമായി മിക്കവരും പറഞ്ഞത് ദൂരം കൂടുതലാണ് എന്നതാണ്- 249 കേസുകളിലാണ് ദൂരം കാരണമായി പറഞ്ഞത്. 34 ആംബുലന്‍സുകള്‍ക്ക് കൂടുതല്‍ അടിയന്തരമായ കേസുകള്‍ക്കായി പോകേണ്ടിവന്നതിനാല്‍ വഴി തിരിച്ചുവിടേണ്ടിവന്നു.
രണ്ട് കേസുകളില്‍ അക്രമസംഭവങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും, അതിനാല്‍ ഗാര്‍ഡയെ കാത്തുനിന്നുവെന്നുമാണ് വിശദീകരണം.
മോശം കാലാവസ്ഥ, ആംബുലന്‍സ് അണുനാശനം വരുത്തേണ്ടിവന്നത്, കൃത്യമായി സ്ഥലം മനസിലാകാത്തത് എന്നിവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞത്.
രണ്ട് സംഭവങ്ങളില്‍ 130 മിനിറ്റിലേറെ കഴിഞ്ഞാണ് ആംബുലന്‍സുകള്‍ എത്തിയത്. ഇവ രണ്ടും ജനുവരിയിലാണ് നടന്നത്. ഇതിലൊന്ന് മേയോയിലും, മറ്റൊന്ന് ഗോള്‍വേയിലുമായിരുന്നു.
ജീവന് അപായമുള്ള സന്ദര്‍ഭങ്ങളായ Echo calls, Delta Calls എന്നിവയ്ക്ക് 19 മിനിറ്റാണ് സംഭവസ്ഥലത്ത് എത്താന്‍ ആംബുലന്‍സുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ആദ്യം Echo കോളുകള്‍ക്കും, പിന്നീട് Delta കോളുകള്‍ക്കുമാണ് മുന്‍ഗണന.
2021-ലെ ആദ്യ ആറ് മാസങ്ങളില്‍ പടിഞ്ഞാറന്‍ പ്രദേശത്ത് അടിയന്തരാവശ്യങ്ങളായ Delta കേസുകളില്‍ വെറും 47 ശതമാനത്തില്‍ മാത്രമാണ് 19 മിനിറ്റിനുള്ളില്‍ എത്താന്‍ ആംബുലന്‍സുകള്‍ക്ക് സാധിച്ചത്. Echo കോളുകളില്‍ 57% കേസുകളിലും.
മിഡ്‌ലാന്‍ഡ് പ്രദേശത്ത് 65% Echo കോളുകളില്‍ കൃത്യസമയത്ത് എത്തിയപ്പോള്‍, 44% Delta കോളുകളില്‍ മാത്രമാണ കൃത്യസമയത്ത് ആംബുലന്‍സുകളെത്തിയത്.
ഹൃദയാഘാതം, ശ്വാസതടസ്സം എന്നിങ്ങനെ രണ്ട് ജീവന്‍രക്ഷാ കോളുകളില്‍ ഒരു മണിക്കൂറിന് ശേഷം മാത്രമാണ് എത്തിയതെന്ന ഗുരുതര വീഴ്ചയും സംഭവിച്ചു. ഇവ രണ്ടും ജനുവരി മാസത്തില്‍ വാട്ടര്‍ഫോര്‍ഡിലാണ് നടന്നത്. ഇവയിലൊന്നില്‍ 1 മണിക്കൂര്‍ 44 മിനിറ്റെടുത്താണ് ആംബുലന്‍സ് എത്തിയത്. ആംബുലന്‍സുകള്‍ ഒരു മണിക്കൂറിലേറെ വൈകിയെത്തുന്ന പ്രദേശങ്ങളില്‍ മുമ്പില്‍ വെക്‌സ്‌ഫോര്‍ഡാണ്.
നിലവില്‍ ആംബുലന്‍സിലുള്ള രോഗികളെ ഇറക്കുന്നതിന് നേരിട്ട താമസവും, പരിചിതരായ ജീവനക്കാരുടെ കുറവുമാണ് ആംബുലന്‍സുകള്‍ വൈകാന്‍ കാരണമായി National Ambulance Service (NAS) പറയുന്നത്. ആംബുലന്‍സുകള്‍ വിളിക്കുന്ന സംഭവങ്ങള്‍ 30% വര്‍ദ്ധിക്കുകയും ചെയ്തു. കോവിഡ് കാരണവും സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്.