അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കാരണം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍ നേരിടാന്‍ സജ്ജമായി പ്രതിരോധ സേന. നിലവില്‍ കോവിഡ് ടെസ്റ്റിങ്ങിനായി 40 പേരെയും, വാക്‌സിനേഷന്‍ സെന്ററുകളിലേയ്ക്കായി 30 പേരെയും പ്രതിരോധ സേന നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡോണഗല്‍, കില്‍ക്കെന്നി പ്രദേശങ്ങളില്‍ 30 പേര്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും സഹായിച്ചുവരുന്നു.
പ്രതിരോധ സേനയുടെ Covid-19 Joint Taskforce എന്ന പേരിലുള്ള സംഘമാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സഹായമേകുന്നത്.
ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്ന് ടാസ്‌ക് ഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് കേണല്‍ Louis Flynn വ്യക്തമാക്കി. കോവിഡിന്റെ ആരംഭം മുതല്‍ തങ്ങള്‍ HSE-യുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ രോഗികളുടെ എണ്ണക്കൂടുതല്‍ മുന്നില്‍ക്കണ്ട് ആശുപത്രികള്‍ക്ക് മുമ്പില്‍ ടെന്റുകള്‍ കെട്ടി വാര്‍ഡ് സൗകര്യം ഒരുക്കിയിരുന്നു പ്രതിരോധ സേന. എന്നാല്‍ ഇത് ആവശ്യമായി വന്നിരുന്നില്ല. അതേസമയം ഒമിക്രോണ്‍ വകഭേദം കാരണം രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ വീണ്ടും ടെന്റുകളുയര്‍ത്താന്‍ സദാ ജാഗരൂകരാണ് സേന.
വൈദ്യുതി സൗകര്യം, ഹീറ്റിങ് എന്നിങ്ങനെ എല്ലാ വിധ സൗകര്യങ്ങളും ഉള്ള തരത്തിലാണ് ടെന്റുകള്‍ നിര്‍മ്മിക്കപ്പെടുക.
Operation Fortitude എന്ന പേരില്‍ നിലവില്‍ വായു മാര്‍ഗ്ഗവും, റോഡ് മാര്‍ഗ്ഗവും കോവിഡ് ഫസ്റ്റ് എയ്ഡുകള്‍ എത്തിക്കുന്ന പ്രവൃത്തിയും പ്രതിരോധസേന ചെയ്തുവരുന്നുണ്ട്.
ഇതിനിടെ 5,156 പേര്‍ക്ക് കൂടി അയര്‍ലണ്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 503 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 110 പേര്‍ ഐസിയുവിലാണ്.