അയര്‍ലണ്ടിലെ റീട്ടെയില്‍ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. ക്രിസ്മസിനോടുബന്ധിച്ച് കടകളില്‍ തിരക്ക് ഏറിവരുന്നതായും, അതേസമയം ജീവനക്കാര്‍ക്ക് നേരം മോശം വാക്കുകളുപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ജീവനക്കാരുടെ സംഘടനയായ Mandate പറയുന്നു.
ജീവനക്കാരടക്കമുള്ളവര്‍ വലിയ സമ്മര്‍ദ്ദമനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും, അവരോട് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറണമെന്നും ഇതുമായി ബന്ധപ്പെട്ട് Mandate പറഞ്ഞു. രാജ്യത്തെ 30,000-ഓളം ഷോപ്പ് ജീവനക്കാരാണ് സംഘടനയില്‍ അംഗത്വമെടുത്തിട്ടുള്ളത്.
ജീവനക്കാര്‍ കോവിഡ് കാരണം ഏറെ ബുദ്ധിമുട്ടുന്നുവെന്നും, അവര്‍ കുറച്ചുകൂടി ക്ഷമയും, ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്നും Mandate ജനറല്‍ സെക്രട്ടറി Gerry Light പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാരെ ഉപഭോക്താക്കള്‍ മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുന്നതിന്റെ വീഡിയോസ് ഈയിടെ തങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ റീട്ടെയില്‍ അസിസ്റ്റന്റ്‌സ്, കാഷ്യര്‍മാര്‍, ചെക്ക് ഔട്ട് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന Central Statistics Office (CSO) റിപ്പോര്‍ട്ടിനെയും Mandate പരാമര്‍ശിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷിതമായ ജോലിസാഹചര്യമൊരുക്കണമെന്ന് തൊഴില്‍ദാതാക്കളോട് സംഘടന അഭ്യര്‍ത്ഥിച്ചു.
അയര്‍ലണ്ടിലെ കോവിഡിന്റെ രണ്ടാം തരംഗത്തിലും, മൂന്നാം തരംഗത്തിലും ഏറ്റവുമധികം കോവിഡ് പിടിപെട്ട വിഭാഗം കടകളിലെ ജീവനക്കാരാണ്. ആദ്യ തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും, സാമൂഹികപ്രവര്‍ത്തകരെയുമായിരുന്നു വൈറസ് കൂടുതലായി ബാധിച്ചിരുന്നത്.