കോവിഡ് ബാധ ഏറിയതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് ഹോസ്പിറ്റാലിറ്റി അടക്കം പല മേഖലകളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ Pandemic Unemployment Payment (PUP) പുനരവതരിപ്പിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പല തൊഴിലാളികളെയും ബാധിച്ചതായി മനസിലാക്കുന്നുവെന്നും, PUP-ക്കുള്ള പുതിയ അപേക്ഷകള്‍ ഉടന്‍ തുടങ്ങുമെന്നും സാമൂഹികക്ഷേമ വകുപ്പ് മന്ത്ര ഹെതര്‍ ഹംഫ്രിസ് ട്വീറ്റ് ചെയ്തു.
നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ പുതിയ PUP അപേക്ഷകള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഒപ്പം നിലവിലെ PUP തുകകളില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തിക്കൊണ്ടിരിക്കുകയുമാണ്.
National Public Health Emergency Team (NPHET)-ന്റെ നിര്‍ദ്ദേശപ്രകാരം ഒരുപിടി നിയന്ത്രണങ്ങളാണ് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് ഇന്നലെ രാജ്യത്ത് പ്രഖ്യാപിച്ചത്. ഡിസംബര്‍ 7 മുതല്‍ ജനുവരി 9 വരെ നൈറ്റ് ക്ലബ്ബുകള്‍ അടച്ചിടുക, ബാറുകള്‍, റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുക എന്നിവ പുതിയ നിയന്ത്രണങ്ങളില്‍ പെടുന്നു. മറ്റ് നിയന്ത്രണങ്ങള്‍ ഇപ്രകാരം:
- ഇനി ടേബിള്‍ സര്‍വീസ് മാത്രം
- ടേബിളുകള്‍ തമ്മില്‍ 1 മീറ്റര്‍ അകലം
- ഒരു ടേബിളില്‍ പരമാവധി ആറ് പേര് (പ്രായപൂര്‍ത്തിയായവര്‍)
- ഒന്നിലധികം ടേബിളുകള്‍ ഒരേസമയം ബുക്ക് ചെയ്യാന്‍ സാധിക്കില്ല
- ടേബിളില്‍ അല്ലാത്ത മുഴുവന്‍ സമയവും മാസ്ക് ധരിക്കുക
ലൈവ് പരിപാടികളില്‍ പങ്കെുക്കുന്നവരുടെ എണ്ണം ആകെ കപ്പാസിറ്റിയുടെ 50% ആക്കി കുറച്ചിട്ടുണ്ട്. ഇവരെല്ലാവരും ഇരിപ്പിടങ്ങളിലായിരിക്കണം. സ്പോര്‍ട്സ്, കലാപരിപാടികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
ഹോട്ടലുകള്‍, ബാറുകള്‍, ജിമ്മുകള്‍, ലെയ്ഷര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഇനി കോവിഡ് പാസ് നിര്‍ബന്ധം.
നിയന്ത്രണങ്ങള്‍ വീണ്ടുമവതരിപ്പിച്ചത് നിരാശാജനകമാണെങ്കിലും, സര്‍ക്കാര്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കുറവ് വരുത്തിയ employment wage subsidy scheme (EWSS) തുക വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
2022-ലെ ആദ്യ 3 മാസങ്ങളിലെ കൊമേഴ്സ്യല്‍ റേറ്റ് എടുത്തുകളയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.