ആശുപത്രികളിൽ രോഗികൾ ഏറുന്നു, കിടക്കകളില്ല, ആവശ്യത്തിന് ജീവനക്കാരില്ല; ആരോഗ്യരംഗം പ്രതിസന്ധിയിൽ

അയര്‍ലണ്ടില്‍ മഞ്ഞുകാലം ആരംഭിച്ചതോടെ ആശുപത്രികളില്‍ രോഗികള്‍ വര്‍ദ്ധിച്ചതായും, ബെഡ്ഡുകളുടെ കുറവ് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട്. ഒപ്പം കോവിഡ് ബാധ ഏറിയതും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമെ ജീവനക്കാര്‍ക്ക് രോഗം വരുന്നത് വര്‍ദ്ധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ആശുപത്രി ഗ്രൂപ്പുകളാണ് ഇത് സംബന്ധിച്ച് Oireachtas Health Committee-ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കോവിഡ് ബാധയും, ഐസൊലേഷന്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാരണവും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതിനൊപ്പം കൃത്യമായി റിക്രൂട്ട്‌മെന്റ് നടക്കാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാതെ ആശുപത്രികളെ വലയ്ക്കുന്നു. ഇത് കാരണം കുട്ടികളുടെ ആശുപത്രികളിലടക്കം പല സര്‍ജറികളും നടത്താന്‍ കഴിയാതെ മാറ്റി വയ്ക്കപ്പെടുകയും, അപ്പോയിന്റ്‌മെന്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതും തുടരുകയാണ്.

2019-ല്‍ ഉണ്ടായിരുന്നതിലുമധികം രോഗികളാണ് ഇപ്പോള്‍ തങ്ങളുടെ ആശുപത്രികളിലെത്തുന്നതെന്ന് South/SouthWest Hospital Group റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാകട്ടെ ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ രോഗികളുടെ എണ്ണം 2019 ഓഗസ്റ്റിലെക്കാള്‍ 22.8% അധികമാണ്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും രോഗികളുടെ എണ്ണത്തില്‍ 38% വര്‍ദ്ധനവുണ്ടായി.

കോവിഡ് അടക്കമുള്ള കാരണങ്ങള്‍ മൂലം ക്വാറന്റൈനും മറ്റുമായി ജീവനക്കാര്‍ ലീവെടുക്കുന്നത് തുടരുകയാണ്. University Hospital Kerry-യില്‍ നവംബര്‍ 19-ന് മാത്രം 140 ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ അവധിയെടുക്കേണ്ടിവന്നത്.

ബെഡ്ഡുകളുടെ എണ്ണത്തിലെ കുറവാണ് മറ്റൊരു പ്രശ്‌നം. Cork/Kerry Community Healthcare Organisation-ല്‍ നിലവില്‍ 200-ഓളം ബെഡ്ഡുകളുടെ കുറവാണുള്ളത്. Galway University Hospital-ല്‍ ഇത് 35 ആണ്.

ഇക്കാരണങ്ങളെല്ലാം നഴ്‌സുമാരടക്കമുള്ളവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആശുപത്രികള്‍ വ്യക്തമാക്കുന്നു. ICU-വിന് പുറത്തുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും നഴ്‌സുമാരില്‍ ഇരട്ടി ഭാരമാണ് ഏല്‍പ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: