അയര്‍ലണ്ടിലെ National Car Test (NCT) നടത്തിപ്പുകാരായ Applus-ന് കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം 20.65 മില്യണ്‍ യൂറോയുടെ വരുമാന നഷ്ടം. 2020-ല്‍ 10 ലക്ഷം വാഹനങ്ങളുടെ ഫുള്‍ ഫിറ്റ്‌നസ് ഇന്‍സ്‌പെക്ഷനാണ് കമ്പനി നടത്തിയത്. 2019-ല്‍ ഇത് 13 ലക്ഷത്തിന് മേലെ ആയിരുന്നു.
NCT-ക്ക് വേണ്ടി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് Applus. 2009-ലാരംഭിച്ച 10 വര്‍ഷ കരാര്‍ 2020-ഓടെ അവസാനിച്ചെങ്കിലും വീണ്ടും കരാര്‍ ഏറ്റെടുക്കുകയായിരുന്നു സ്പാനിഷ് കമ്പനിയായ Applus.
Applus Car Testing Service Ltd (ACTS), Applus Inspection Services Ireland Ltd (AISI) എന്നിങ്ങനെ രണ്ട് സഹോദരസ്ഥാപനങ്ങളായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2020-ല്‍ ഇരു കമ്പനികള്‍ക്കുമായി ആകെ ലഭിച്ച വരുമാനം 60.19 മില്യണ്‍ യൂറോയാണ്. 2019-ലാകട്ടെ 80.84 മില്യണും. അതായത് വരുമാനം ഇടിഞ്ഞത് 25.5%. 2.8 മില്യണ്‍ യൂറോ ആണ് പ്രീ-ടാക്‌സ് നഷ്ടമായി കണക്കാക്കുന്നത്.
കോവിഡ് ബാധയെത്തുടര്‍ന്ന് സര്‍ക്കാരിന്റെ 5.3 മില്യണ്‍ യൂറോ ധനസഹായം കഴിഞ്ഞ വര്‍ഷം Applus-ന് ലഭിച്ചിരുന്നു.
2021-ലെ ആദ്യ പകുതിയിലും വലിയൊരു തിരിച്ചുവരവിലേയ്ക്ക് കമ്പനി എത്തിയിട്ടില്ല. കോവിഡ് കാരണം നാല് മാസത്തേയ്ക്ക് ടെസ്റ്റുകള്‍ നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ബിസിനസിനെ ബാധിച്ചു.