അയര്‍ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ ആയിരങ്ങളുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Parnell Square-ല്‍ നിന്നും D’Olier Street-ലേയ്ക്കും, പിന്നീട് Westmoreland Street-ലേയ്ക്കും പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ജനറല്‍ പോസ്റ്റ് ഓഫിസിന് സമീപത്തും പ്രതിഷേധവുമായി ഇവരെത്തി.
പ്രകടനത്തില്‍ പങ്കെടുത്ത മിക്കവരുടെയും പ്രതിഷേധം കോവിഡ് പാസിനെതിരെയായിരുന്നു. വാക്സിന് എടുക്കാത്തവരോട് വിവേചനം കാണിക്കുന്നതായും, വാക്സിന് സ്വീകരിച്ചവരെക്കാള്‍ തങ്ങള്‍ അപകടകാരികളല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു.
രാജ്യത്ത് വാക്സിനെടുക്കാത്തവര്‍ക്കെതിരെ വിദ്വേഷകരമായ സംസാരമുണ്ടാകുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാജ്യത്തെ മാധ്യമങ്ങള്‍ ആരോഗ്യനിയന്ത്രണങ്ങള്‍ അനിവാര്യമാണ് എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും അവര്‍ വിമര്‍ശിച്ചു.
പൗരാവകാശം സംബന്ധിച്ച് പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പലരും പ്രതിഷേധത്തിന് എത്തിയത്.
വാക്സിന് നിര്‍ബന്ധമാക്കുക, സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുക എന്നിവയെയും പ്രതിഷേധക്കാര്‍ എതിര്‍ത്തു. മണിക്കൂറുകളോളം ലുവാസ്, റോഡ് ഗതാഗതം എന്നിവ സ്തംഭിക്കാനും പ്രതിഷേധം കാരണമായി.
അതേസമയം ലോകത്താകമാനം ഇതുവരെ ഏഴ് കോവിഡ് വാക്സിനുകള്‍ World Health Organisation (WHO) അംഗീകരിച്ചിട്ടുണ്ട്. 100% ഫലപ്രദമെന്ന് പറയാനാകില്ലെങ്കിലും ഗുരുതരമായി കോവിഡ് ബാധിക്കാതിരിക്കാനും, വലിയ അളവില്‍ മരണങ്ങള് തടയാനും വാക്സിനുകള്‍ക്ക് സാധിക്കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരിലേയ്ക്ക് വൈറസ് പകര്ന്നേക്കാമെന്നെതിനാല് വാക്സിന് എടുത്തവരും ആരോഗ്യനിയന്ത്രണങ്ങള്‍ പാലിക്കണം.