രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നുള്ള കളികള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, രാത്രികളിലെ സ്ലീപ്പ് ഓവര്‍ എന്നിവ വിലക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍. അടുത്ത രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് കാട്ടി ഡോ. ഹോലഹാന്‍ സര്‍ക്കാരിന് കത്ത് നല്‍കി.
ഒമ്പത് വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുക, പ്രൈമറി സ്‌കൂളുകളില്‍ മൂന്നാം ക്ലാസ് മുതല്‍ മേല്‍പോട്ടുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ സെക്കന്‍ഡറി സ്‌കൂള്‍ തലം തൊട്ട് മാത്രമാണ് മാസ്‌ക് നിര്‍ബന്ധം.
കുട്ടികളിലെ രോഗബാധാ നിരക്ക് വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നതാണ് നിര്‍ദ്ദേശങ്ങള്‍ക്ക് കാരണമെന്നും ഡോ. ഹോലഹാന്‍ വ്യക്തമാക്കി.
നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, അവ വരും ദിവസങ്ങളില്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യൂ പ്രതികരിച്ചു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാകുമോ എന്നത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുട്ടികളെ പങ്കെടുപ്പിച്ചുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ അദ്ദേഹം രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. 5-12 പ്രായക്കാരായ കുട്ടികളില്‍ രോഗബാധ വര്‍ദ്ധിക്കുന്നുവെന്ന കാര്യവും മന്ത്രി ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടി.