സൗത്ത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസ് വകഭേദം ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നു. SARS-CoV-2 എന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ B.1.1.529 ആണ് സൗത്ത് ആഫ്രിക്ക അടക്കം ഏതാനും രാജ്യങ്ങളില്‍ സ്ഥിരീകരിച്ചത്.
റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സൗത്ത് ആഫ്രിക്കയില്‍ നിന്നും ഫ്ളൈറ്റുകള്‍ നിരോധിക്കാനാലോചിക്കുന്നതായി യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. ഇക്കാര്യം അംഗരാജ്യങ്ങളുമായി ആലോചിച്ച് വരികയാണെന്നും യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് Ursula von der Leyen പറഞ്ഞു.
പുതിയ വകഭേദത്തിന് വ്യാപന ശേഷി വളരെ കൂടുതലാണെന്നതും, ഒരുപിടി ജനിതകമാറ്റങ്ങള്‍ സംഭവിച്ചുവെന്നതും ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്ന് സൗത്ത് ആഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ Gauteng പ്രദേശത്ത് നിരവധി ചെറുപ്പക്കാരില്‍ രോഗം പടര്‍ന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നാലോ, അഞ്ചോ ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി സൗത്ത് ആഫ്രിക്കന്‍ ആരോഗ്യമന്ത്രി Joe Phaahla, ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ വകഭേദമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചത് സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയവരിലാണ്.
പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ആറ് രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി യു.കെ പറഞ്ഞിരുന്നു.
വകഭേദത്തെപ്പറ്റി വിലയിരുത്താന്‍ ഇന്ന് World Health Organisation (WHO) യോഗം കൂടാനിരിക്കുകയാണ്.
പുതിയ വകഭേദവുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇതുവരെ യൂറോപ്പില്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഐറിഷ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി കടുത്ത ആശങ്കയിലാണെന്ന് ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.