ഡബ്ലിനില്‍ വാടകയ്ക്ക് വീടന്വേഷിച്ച നാല് പേരില്‍ നിന്നും തന്റേതല്ലാത്ത അപ്പാര്‍ട്ട്മെന്റ് കാട്ടി ഡെപ്പോസിറ്റ് പണം വാങ്ങിയ കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ കോടതി റിമാന്‍ഡില്‍ വിട്ടു. Anthony Byrne എന്നയാളെയാണ് 12,000 യൂറോ വാടകത്തട്ടിപ്പ് വഴി സമ്പാദിച്ച കേസില്‍ ആദ്യഘട്ട വിചാരണയ്ക്ക് ശേഷം ജാമ്യം നല്കി റിമാന്‍ഡ് ചെയ്തത്.
പ്രസ്തുത അപ്പാര്‍ട്ട്മെന്റില്‍ മുമ്പ് നവീകരണ ജോലി ഏറ്റെടുത്ത് നടത്തിയ ആളായിരുന്നു പ്രതി. ഇത് കാരണമാണ് പുറത്തുനിന്നുള്ളവര്‍ക്ക് അപ്പാര്‍ട്ട്മെന്റ് കാണിച്ചുകൊടുക്കാന്‍ ഇയാള്‍ക്ക് സൗകര്യമായത്. Daft.ie-യില്‍ അപ്പാര്‍ട്ട്മെന്റിന്റെ പരസ്യമിട്ട ശേഷം Stephen Cummings എന്ന പേരിലായിരുന്നു ഇയാള്‍ നാല് വാടകക്കാരെ സ്ഥലം കാണിച്ചതും, ഡെപ്പോസിറ്റ് പണം വാങ്ങിച്ചതും. പ്രമുഖ കമ്പനിയുടെ വാടക ഏജന്റ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.
എന്നാല്‍ അഞ്ചാമത് അപ്പാര്‍ട്ട്മെന്റ് കാണാനെത്തിയ സ്ത്രീക്ക്, പ്രതി ഡെപ്പോസിറ്റും, വാടകയും പണമായി തന്നെ നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലിക്കാരനെന്ന് അവകാശപ്പെട്ട ഏജന്‍സിയുമായി ഇവര്‍ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
കോവിഡ് കാരണം പങ്കാളിയുടെ ജോലി നഷ്ടപ്പെട്ടതും, തന്റെ ജോലിസമയം കുറഞ്ഞതുമാണ് ഇത്തമൊരു തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്കി. കേസ് ഫെബ്രുവരി 18-ന് വീണ്ടും പരിഗണിക്കും.