അയര്‍ലണ്ടിലെ സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി 200 പകരക്കാരെ നിയമിക്കുന്നത് അടക്കമുള്ള സുപ്രധാനപ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രി. അദ്ധ്യാപന വിദ്യാര്‍ത്ഥികള്‍, വിരമിച്ച അദ്ധ്യാപകര്‍ എന്നിവരെയടക്കം താല്‍ക്കാലികമായി നിയമിക്കുമെന്നാണ് മന്ത്രി നോര്‍മ ഫോളി പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് കാരണം ധാരാളം അദ്ധ്യാപകരും, മറ്റ് ജീവനക്കാരും അവധിയെടുക്കുന്നത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന നിര്‍ദ്ദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പ്രശ്നപരിഹാരത്തിനായി വിവിധ സ്കൂളുകളുടെ മാനേജ്മെന്റുകള്‍ മന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ജീവനക്കാര്‍ എത്താത്തത് കാരണം വിദൂര പഠനത്തിലേയ്ക്ക് പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മാനേജ്മെന്റുകള്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി മന്ത്രി ഫോളി പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:
- ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന പ്രൈമറി സ്കൂളുകളില്‍ 200 താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കും. മുഴുവന്‍ സമയ ജോലിക്കാരായിരിക്കും ഇവര്‍. ഇതോടെ ആകെ ടീച്ചര്‍മാരുടെ എണ്ണം (Supply panel) 680 ആകും.
- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അദ്ധ്യാപന വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അവസാനത്തോടെ സ്കൂളുകളില്‍ നിയമിക്കും.
- വിരമിച്ച അദ്ധ്യാപകരെ ഈ വിദ്യാഭ്യാസ വര്‍ഷം കൂടി സ്കൂളുകളില്‍ നിയമിക്കും. അവരുടെ പെന്‍ഷനില്‍ കുറവ് വരുത്താതെയാകും നിയമനം.
- പ്രൈമറി സ്കൂളുകളിലെ continuous professional development courses 2022 ഫെബ്രുവരി മിഡ് ടേം അവധി വരെ വരെ നിര്‍ത്തിവയ്ക്കും.
- Teacher education support services-ലുള്ള അദ്ധ്യാപകരെ പ്രൈമറി സ്കൂളുകളില്‍ നിയമിക്കും.