അയര്‍ലണ്ടിലെ Hot School Meals Programme കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ Deis (Delivering Equality of Opportunity in Schools) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 81 സ്‌കൂളുകളില്‍ കൂടി ആഴ്ചയില്‍ എല്ലാ ദിവസവും കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം ലഭിക്കും. ഇതിനുള്ള ഫണ്ട് 2022 ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു. നിലവില്‍ ഇവിടങ്ങളില്‍ കോള്‍ഡ് ലഞ്ച് ആണ് നല്‍കിവരുന്നത്.
81 സ്‌കൂളുകളില്‍ 30-ഓളം എണ്ണം ഡബ്ലിനിലാണ്. പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള 16,000 കുട്ടികള്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. 3 മില്യണ്‍ യൂറോയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നിലവില്‍ 35,000-ഓളം കുട്ടികള്‍ക്ക് പദ്ധതി വഴി ഹോട്ട് മീല്‍ നല്‍കിവരുന്നുണ്ട്.
‘ഉച്ചയ്ക്ക് ഹോട്ട് മീല്‍ ലഭിക്കുക എന്നത് പോഷകം ലഭിക്കാന്‍ ഉത്തമമാണ് എന്നതിനൊപ്പം കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്കും ഗുണം ചെയ്യും,’ പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞു.
2019-ല്‍ പരീക്ഷണാടിസ്ഥാനത്തലാണ് ഹോട്ട് മീല്‍സ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 37 സ്‌കൂളുകളിലായി 6,600 കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്ത് ആകെ 55,000 കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2022 ജനുവരി മുതല്‍ പുതിയ സ്‌കൂളുകളെയും പദ്ധതിയില്‍ ചേര്‍ക്കും.