10 ആഴ്ച നീണ്ട നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കോര്‍ക്ക് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനഃരാരംഭിച്ചു. പ്രധാന റണ്‍വേയുടെ പുനഃര്‍നിര്‍മ്മാണ ജോലിയാണ് ഇക്കാലയളവില്‍ തീര്‍ത്തത്. തിങ്കളാഴ്ച മുതല്‍ എട്ട് വിമാനക്കമ്പനികളുടെയും ഫ്ളൈറ്റുകള്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് പുതിയ റണ്‍വേ നാടിനായി സമര്‍പ്പിച്ചു.
ഗതാഗതവകുപ്പില്‍ നിന്നും 10 മില്യണ്‍ യൂറോയുടെ അധികസഹായം കൂടി ലഭിച്ച പദ്ധതി 430 പേരുടെ ശ്രമഫലമായാണ് പൂര്‍ത്തീകരിച്ചത്. റണ്‍വേ അടച്ചിരുന്നില്ലെങ്കില്‍ 10 മാസത്തോളം ജോലി നീളുമെന്നതിനാലായിരുന്നു 10 ആഴ്ച പൂര്‍ണ്ണമായും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സമീപകാലത്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയ വമ്പന്‍ പ്രോജക്ടുകളിലൊന്നാണിത്. ഫണ്ടിങ് അടക്കം 12 മാസം കൊണ്ട് മുഴുവന്‍ ജോലികളും പൂര്‍ത്തിയായി.
ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ് കോര്‍ക്ക് എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. 2020-2022 കാലയളവില്‍ 40 മില്യണ്‍ യൂറോയാണ് ഇവിടെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് നിക്ഷേപിക്കുന്നത്. കോവിഡ് ബാധയ്ക്ക് ശേഷം പ്രദേശത്ത് വന്‍ വികസനത്തിന് ഇത് സഹായകമാകുമെന്നും കരുതുന്നു.