മാസ്ക് ധരിക്കുന്നതില്‍ പലവട്ടം വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച 66-കാരിയെ സമാന കുറ്റത്തിന് വീണ്ടും ശിക്ഷിച്ച് കോടതി. കോര്‍ക്കിലെ Bandon സ്വദേശിയായ Margaret Buttimer-യാണ് ഏഴാം തവണയും കോടതി ശിക്ഷിച്ചത്. ഒക്ടോബര്‍ 21-ന് ടൗണ്‍ സെന്ററിലെ Supervalu Shopping Centre-ല്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ് ഇവര്‍ പിടിയിലായത്.
മാസ്‌ക് ധരിക്കാതെ ഒരാള്‍ സ്റ്റോറിലെത്തിയിരിക്കുന്നുവെന്ന് പരാതി കേട്ട് താന്‍ ചെന്നപ്പോള്‍, Buttimer-നെ മാസ്‌കില്ലാതെ കണ്ടുവെന്ന് സ്റ്റോര്‍ മാനേജറും Bandon District Court-ല്‍ വ്യക്തമാക്കി. അതേസമയം താന്‍ എന്തെങ്കിലും കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് Buttimer കോടതിയില്‍ പറഞ്ഞു.
Buttimer-നോട് മാസ്‌ക് ധരിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചതായും സ്‌റ്റോര്‍ മാനേജര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഗാര്‍ഡ എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Buttimer-നായി ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം കോടതിയില്‍ ലഭ്യമാക്കിയിരുന്നു. അതേസമയം പ്രത്യേകമായ അസുഖങ്ങളൊന്നും ഇവര്‍ക്കുള്ളതായി കണ്ടെത്താന്‍ സാധിച്ചതുമില്ല. അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായി ഇവര്‍ക്ക് നേരത്തെ ഡോക്ടര്‍മാര്‍ MRI സ്‌കാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണെന്നും, ശിക്ഷാവിധിക്ക് മുമ്പായി അത് അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് അംഗീകരിച്ച കോടതി, ഡിസംബര്‍ 16-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
അതേസമയം കേസില്‍ Buttimer കുറ്റക്കാരിയാണെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 16-ന് ശിക്ഷ വിധിക്കും.
നേരത്തെ അഞ്ച് തവണ മാസ്‌ക് ധരിക്കാത്തതിന് ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഒരു മാസം ജയിലില്‍ കിടക്കേണ്ടിയും വന്നു. പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് മറ്റൊരു കേസിലും ഇവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു.
നേരത്തെയുള്ള ഒരു കേസിലെ കോടതി വിചാരണില്‍ ‘ദൈവത്തിനോട് മാത്രമേ താന്‍ മറുപടി പറയേണ്ടതുള്ളൂ’ എന്നായിരുന്നു Buttimer പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന വിചാരണയ്ക്കിടെ താന്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ സമ്മതിച്ചിരുന്നു. വാക്‌സിനെടുക്കാത്ത ഇവര്‍ മാസ്‌ക് ധരിക്കാതെ പ്രായമായ അമ്മയെ സന്ദര്‍ശിക്കുന്നതായും കോടതി കണ്ടെത്തിയിരുന്നു.