ഒറ്റ ടിക്കറ്റിൽ ഡബ്ലിനിലെ എല്ലാ പൊതുഗതാത സംവിധാനത്തിലും യാത്ര; 90 minute fare പദ്ധതി അവതരിപ്പിച്ച് ഗതാഗതവകുപ്പ്

ഡബ്ലിനിലെ പൊതുഗതാഗതം കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ’90 minute fare’ പദ്ധതിയുമായി ഗതാഗത വകുപ്പ്. നവംബര്‍ 28 മുതല്‍ നടപ്പില്‍ വരുന്ന പുതിയ പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് ഒരു തവണ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് Dublin Bus, Luas, ഒരുപിടി Dart സർവീസ്, commuter train, Go-Ahead Ireland എന്നിവയിലെല്ലാം യാത്ര ചെയ്യാം. ടിക്കറ്റ് എടുത്ത ശേഷം അടുത്ത 90 മിനിറ്റിനുള്ളിലാണ് ഈ സൗകര്യം. ഓരോന്നിലും വെവ്വേറെ ടിക്കറ്റുകള്‍ എടുക്കേണ്ടതില്ല എന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ഗുണം.

പദ്ധതി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മാര്‍ച്ച് അവസാനം വരെ TFI Leap Card ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും 2.30 യൂറോ ആയിരിക്കും ടിക്കറ്റ് വില. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വിലയുടെ 80% ഡിസ്‌കൗണ്ടുമുണ്ട്.

BusConnects programme-മായി ബന്ധപ്പെട്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് പറയുന്നു. പൊതുഗതാഗതത്തെ കൂടുതല്‍ മികവുറ്റതും, സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദവും ആക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലയിടങ്ങളിലായി ഒരേ ദിവസം സഞ്ചരിക്കേണ്ടിവരുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രകള്‍ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.

പൊതുഗതാഗതത്തിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നതും, അതുവഴി സ്വകാര്യവാഹനങ്ങളുടെ ആധിക്യം മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാമെന്നതുമാണ് മറ്റൊരു നേട്ടമെന്ന് പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ഗതാഗത-പരിസ്ഥിതി വകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: