അയര്‍ലണ്ടില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. Sunday Times-ന് വേണ്ടി നടത്തിയ പുതിയ സര്‍വേയില്‍ രാജ്യത്തെ 37% വോട്ടര്‍മാരുടെ പിന്തുണയാണ് പ്രതിപക്ഷമായ Sinn Fein-ന് ഉള്ളത്. കഴിഞ്ഞ സര്‍വേയിലും 31% പേരുടെ പിന്തുണയോടെ പാര്‍ട്ടി മുന്‍നിരയിലെത്തിയിരുന്നു. ഇത്തവണ 6 പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചത് വന്‍ നേട്ടവുമാണ്.
അതേസമയം പ്രധാനഭരണപക്ഷ പാര്‍ട്ടിയായ Fine Gael-ന് Sinn Fein-നെക്കാള്‍ 16 പോയിന്റ് കുറവാണ്. 21% പേരുടെ പിന്തുണയാണ് ലിയോ വദ്കറിന്റെ പാര്‍ട്ടിക്കുള്ളത്. അവസാന സര്‍വേയിലും 21% പേരാണ് പാര്‍ട്ടിയെ പിന്തുണച്ചിരുന്നത്.
സര്‍ക്കാര്‍ സഖ്യകക്ഷിയിലെ മറ്റൊരു പാര്‍ട്ടിയായ Fianna Fail-ന് 20% ജനപിന്തുണയുണ്ട്. മുന്‍ സര്‍വേയെ അപേക്ഷിച്ച് 3 പോയിന്റ് കുറവാണിത്.
മറ്റ് പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം: ഗ്രീന്‍ പാര്‍ട്ടി 5%, ലേബര്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റ്സ് 3% വീതം, Solidarity/People Before Profit, Aontu എന്നിവര്‍ക്ക് 1% വീതം.
രാജ്യത്ത് ഏറ്റവും സ്വീകര്യതയുള്ള നേതാവ് Sinn Fein പാര്‍ട്ടി മേധാവിയും, പ്രതിപക്ഷ നേതാവുമായ മേരി ലൂ മക്ഡൊണാള്‍ഡ് ആണ്. 50% പേരാണ് മക്ഡൊണാള്‍ഡിനെ പിന്തുണയ്ക്കുന്നത്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ 41% പേര് പിന്തുണയ്ക്കുമ്പോള്‍, ഉപപ്രധാനമന്ത്രി ലിയോ വരദ്കറിന് 39% പേരുടെ പിന്തുണയാണുള്ളത്.
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 9 വരെ രാജ്യമെമ്പാടുമുള്ള 912 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.