അയർലണ്ടിൽ ജനനനിരക്ക് കുറയുന്നത് തുടരുന്നു; കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിലും കുറവ്; കൂടുതൽ മരണങ്ങൾക്ക് കാരണം കാൻസറെന്നും CSO

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നത് തുടരുന്നതായി Central Statistics Office (CSO). 2019-ല്‍ ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ജനിച്ച രണ്ട് സംഭവങ്ങളും, മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ച 21 സംഭവങ്ങളും, ആയിരത്തിലേറെ ഇരട്ടക്കുട്ടികള്‍ ജനിച്ച സംഭവങ്ങളും ഉണ്ടായതായും CSO-യുടെ vital statistics bulletin റിപ്പോര്‍ട്ട് പറയുന്നു.

2009 ആണ് ഈ നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ച വര്‍ഷം. 2009-നെ അപേക്ഷിച്ച് 2019-ല്‍ 21.5% കുറവാണ് ജനനിരക്ക്. 2018-നെ അപേക്ഷിച്ച് 2.8 ശതമാനവും- CSO ചൂണ്ടിക്കാട്ടി.

2019-ല്‍ 59,294 കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിച്ചത്. ഇതില്‍ 30,271 പേര്‍ ആണ്‍കുട്ടികളും, 29,023 പേര്‍ പെണ്‍കുട്ടികളുമാണ്. 2019-ല്‍ പ്രസവിച്ച സ്ത്രീകളുടെ ശരാശരി പ്രായമാകട്ടെ 33.1 വര്‍ഷവും. 30-ന് താഴെ പ്രായമുള്ള അമ്മമാരുടെ എണ്ണം കുറയുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടി CSO വ്യക്തമാക്കുന്നു. 2009-ല്‍ 30-ല്‍ താഴെ പ്രായമുള്ള 38.8% അമ്മാര്‍ ഉണ്ടായിരുന്നെങ്കില്‍ 2019-ല്‍ ഇത് 26.2% ആയി കുറഞ്ഞു.

കൗമാരക്കാരായ അമ്മാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 2009-ല്‍ 2,249 കൗമാരക്കാരാണ് അമ്മമാരായതെങ്കില്‍ 2019-ല്‍ അത് 858 മാത്രമാണെന്നത് പക്ഷേ ആശ്വാസകരമാണ്.

കൗതുകകരമായ ഒരു കണക്ക് ഇരട്ടക്കുട്ടികളുടെ കാര്യത്തിലാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ജനിക്കുന്ന ഇരട്ടക്കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. 1999-ലെ കണക്കനുസരിച്ച് 1,000 പ്രസവങ്ങളില്‍ 13.7 ആയിരുന്നു ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന നിരക്ക് എങ്കില്‍, 2019 ആകുമ്പോഴേയ്ക്കും അത് 18.2 ആയി ഉയര്‍ന്നു. 2019-ല്‍ ആകെ 1,058 പേരാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

മരണനിരക്ക്

അയര്‍ലണ്ടില്‍ 2019-ല്‍ ആകെയുണ്ടായ മരണങ്ങള്‍ 31,184 ആണെന്നും CSO വ്യക്തമാക്കുന്നു. കാന്‍സറാണ് ഇതില്‍ ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമെന്നും, 30.7% പേരും കാന്‍സര്‍ ബാധിതരായാണ് മരിച്ചതെന്നും കണക്കുകള്‍ പറയുന്നു.

28.6% പേര്‍ മരിച്ചത് രക്തചംക്രമണവുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങളെത്തുടര്‍ന്നാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടവര്‍ 12.6%.

ഡിമന്‍ഷ്യ, അല്‍സ്‌ഹൈമേഴ്‌സ് എന്നീ രോഗങ്ങളാണ് 7.7% പേരുടെ ജീവനെടുത്തത്. ഇതില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളാണ്.

2019-ല്‍ 390 പേരാണ് അയര്‍ലണ്ടില്‍ ആത്മഹത്യ തെയ്തത്. ആകെ മരണങ്ങളുടെ 1.3% ആണിത്. ഇതില്‍ 75 ശതമാനത്തിലേറെ പേരും പുരുഷന്മാരാണ്.

നിലവില്‍ 1,000-ല്‍ 2.8 എന്നതാണ് അയര്‍ലണ്ടിലെ ശിശുമരണനിരക്ക്. ഒരു വയസോ, അതില്‍ താഴെയോ പ്രായമുള്ള 167 കുട്ടികള്‍ 2019-ല്‍ മരിച്ചു.

Share this news

Leave a Reply

%d bloggers like this: