മലയാളഭാഷ നാട്ടുകാരെക്കാള്‍ ഒരുപക്ഷേ പ്രിയം നാം പ്രവാസികള്‍ക്കായിരിക്കും. വിദേശത്ത് ജീവിക്കുമ്പോഴും മലയാളഭാഷയുടെ സുഗന്ധം ആവോളം നുകരാന്‍ ശ്രമിക്കുന്നവരാണ് നമ്മള്. പ്രതിഭാധനരായ ഒരുപിടി എഴുത്തുകാരുടെ മഹത്തായ രചനകള്‍ കൊണ്ടുകൂടിയാണത്. എന്നാല്‍ മലയാളത്തിന്റെ മേന്മ കേരളവും, ഇന്ത്യയും കടന്ന് അങ്ങ് അമേരിക്കയിലെ ടെക്സസ് വരെ എത്തിയിട്ടുണ്ടെന്നറിയാമോ?
മലയാള ഭാഷ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയ സര്‍വ്വകലാശാലയാണ് ലോകപ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്. അമേരിക്കയിലെ ഏറ്റവും മികച്ച 20 യൂണിവേഴ്സിറ്റികളിലൊന്നും, ലോകത്ത് തന്നെ ആദ്യ 50 റാങ്കിനുള്ളില്‍ വരുന്നതുമായ ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ ഡിഗ്രി മുതല്‍ പിഎച്ച്ഡി വരെയുള്ള കോഴ്സായാണ് മലയാളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1873-ല്‍ സ്ഥാപിതമായ യൂണിവേഴ്സിറ്റിയില്‍ നിലവില്‍ 50,000-ലേറെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
കാഴ്ച പരിമിതിയുള്ള ഡോ. റോഡ്നി മോഗിന്റെ ശ്രമഫലമായാണ് യൂണിവേഴ്സിറ്റിയില്‍ മലയാളഭാഷയ്ക്ക് കോഴ്സ് അനുവദിക്കുന്നത്. തുടര്‍ന്ന് ഡോ. ഡോണള്‍ഡ് ഡേവിസിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയിലെ മലയാളവിഭാഗം സമൃദ്ധിയിലെത്തി. 1993-ല്‍ കേരളത്തില്‍ രണ്ടര വര്‍ഷത്തോളം താമസിച്ച ഡോ. ഡേവിസ് പണ്ഡിതനായ എം.ജി.എസ് നാരായണനില്‍ നിന്നാണ് കേരളചരിത്രം പഠിച്ചത്.
ഭാഷാ പഠനത്തില്‍ മലയാള സാഹിത്യത്തിലെ പ്രമുഖരായ പ്രബോധചന്ദ്രന്‍, എം. മുകുന്ദന്, എം.എന്‍ കാരശ്ശേരി എന്നിവര്‍ക്കും ഡോ. ഡേവിസ് ശിഷ്യപ്പെട്ടു. പഠനത്തിന് ശേഷം മുകുന്ദന്റെ 10 മലയാളം പുസ്തകങ്ങള്‍ ഇംഗ്ലിഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. നല്ല ഭംഗിയായി മലയാളം പറയുകയും ചെയ്യും ഡോ. ഡോണള്‍ഡ് ഡേവിസ്.
10,000-ലേറെ മലയാള പുസ്തകങ്ങളുള്ള വന്‍ ലൈബ്രറിയും യൂണിവേഴ്സിറ്റിയിലെ ആകര്‍ഷണമാണ്. മലയാളത്തിലെ ഹിറ്റ് സിനിമകളായ നാടോടിക്കാറ്റ്, ബാലേട്ടന് എന്നിവുടെ തിരക്കഥകളും ഇതില്‍പ്പെടുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ അമേരിക്കക്കാര്‍ അടക്കമുള്ള വിദേശികളും ഇവിടെ മലയാളം പഠിക്കുന്നുണ്ട്.