ബ്രിട്ടിഷ് എം.പിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളെ കോര്‍ക്കില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പൗരനായ Daniel Weavers എന്ന 41-കാരനെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ് ഇയാള്‍.
എഞ്ചിനീയറായ Weavers കോര്‍ക്കിലെ Douglas-ലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് ലേബര്‍ പാര്‍ട്ടി അംഗമായ ബ്രിട്ടിഷ് വനിതാ എം.പിയെ കൊല്ലുമെന്ന് ഇയാള്‍ ഫോണിലൂടെ മെസേജ് വഴി ഭീഷണിപ്പെടുത്തിയത്. ബ്രിട്ടിഷ് പോലീസ് ഗാര്‍ഡയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
കോര്‍ക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കിയ Weavers-ന്റെ ജാമ്യാപേക്ഷയില്‍ ഗാര്‍ഡ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും കര്‍ശന ഉപാധികളോടെ മാത്രമേ ജാമ്യമനുവദിക്കാവൂ എന്ന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഇയാളോട് പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും, ലഹരി ഉപയോഗിക്കുന്നത് നിര്‍ത്താനും, ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളുമായി അനാവശ്യമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനും കോടതി ഉത്തരവിട്ടു. Togher Garda Station-ല്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ഒപ്പിടുകയും വേണം.
അഥവാ താമസസ്ഥലം മാറുകയാണെങ്കില്‍ ഗാര്‍ഡയെ അറിയിക്കണമെന്നും, 24 മണിക്കൂറും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കണമെന്നും നിബന്ധനയുണ്ട്. പുതിയ യാത്രാരേഖകള്‍ അപേക്ഷിക്കുന്നതും കോചതി വിലക്കി. 300 യൂറോ കെട്ടിവച്ച ശേഷമാണ് Weavers-ന് കോടതി ജാമ്യം അനുവദിച്ചത്.
2022 ജനുവരി 12-ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
ബ്രിട്ടിഷ് എം.പിയായ Sir David Amess-നെ കഴിഞ്ഞ മാസം ഒരാള്‍ കുത്തിക്കൊന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കേസില്‍ Ali Harbi Ali (25) എന്നയാളെ ഭീകരാക്രമണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. Leigh-on-Sea-ലെ പള്ളിയില്‍ വച്ചായിരുന്നു ആക്രമണം.
ഇതോടെ എം.പിമാര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് നാനാതുറകളില്‍ നിന്നായി ആവശ്യമുയരുന്നതിനിടെയാണ് പുതിയ സംഭവം.