അയര്‍ലണ്ടില്‍ ഉപഭോക്താക്കളോട് കോവിഡ്-19 സര്‍ട്ടിഫിക്കറ്റ് ചോദിക്കാതെ പ്രവേശനം നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്ത് കോവിഡ് പാസ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒരു മാസത്തിനിടെ ഇരട്ടിയായതായി Economic and Social Research Institute (ESRI) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സ്ഥാപനത്തില്‍ എത്തുന്നവരോട് കോവിഡ് പാസ് ചോദിക്കാറില്ലെന്നു് 37% ഇന്‍ഡോര്‍ പബ്ബുകളും പറഞ്ഞതായി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ESRI റിപ്പോര്‍ട്ട് വ്യക്തമാക്കായിരുന്നു. കഴിഞ്ഞ മാസം 21% പബ്ബുകളാണ് പാസ് ചോദിക്കാറില്ലെന്നു വെളിപ്പെടുത്തിയിരുന്നത്.
ഭക്ഷണം കഴിക്കാനായി എത്തുന്നവരോട് പാസ് കാണിക്കാന്‍ ആവശ്യപ്പെടാറില്ലെന്നു 34% റസ്റ്ററന്റുകള്‍ പ്രതികരിച്ചതായും ESRI റിപ്പോര്‍ട്ട് പറയുന്നു.
ഈ പ്രശ്നത്തെ വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് പറഞ്ഞ ഡോനലി, എല്ലാവിധ ആരോഗ്യ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് റസ്റ്ററന്റ് മേഖലയിലെ ജീവനക്കാര്‍ സര്‍ക്കാരിന് ഉറപ്പു നല്‍കിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ഭൂരിപക്ഷം റസ്റ്ററന്റുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പറയാനും അദ്ദേഹം മറന്നില്ല. വിഷയം സംസാരിക്കാനായി പ്രധാനമന്ത്രി റസ്റ്ററന്റ് ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് കരുതുന്നതായുംഡോനലി വ്യക്തമാക്കി. RTÉ Radio One-മായി സംസാരിക്കുന്നതിനിടെയാണ് ഡോനലി നിലവിലെ സ്ഥിതിഗതികളെപ്പറ്റി വിലയിരുത്തല്‍ നല്‍കിയത്.
റസ്റ്ററന്റ് ഉടമകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പല സ്ഥാപനങ്ങളിലും നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി ആയിരക്കണക്കിന് പരിശോധനകള്‍ നടത്തിയിരുന്നുവെന്നും, അതിനാല്‍ത്തന്നെ സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നതില്‍ റസ്റ്ററന്റ് ഉടമകള്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനാകില്ലെന്നും ഡോനലി വ്യക്തമാക്കി.
രാജ്യമെങ്ങും കോവിഡ് പടരുന്ന സാഹചര്യത്തില്‍ സബ്സിഡി നല്‍കിക്കൊണ്ട് ആന്റിജന്‍ ടെസ്റ്റ് സാര്‍വ്വത്രികമാക്കാന്‍ ആലോചിക്കുന്നതായും ഡോനലി പറഞ്ഞു. ക്രിസ്മസ് കാലമാകുമ്പോഴേയ്ക്കും സ്കൂളുകളില്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് പ്രത്യേകമായി ആന്റിജന്‍ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് ഗുളികയ്ക്ക് യു.കെ അനുമത നല്കിയ സാഹചര്യത്തില്‍ അയര്‍ലണ്ടിലും ഗുളിക എത്തിയേക്കുമെന്ന് ഡോനലി സൂചന നല്കി. എന്നാല്‍ European Medicines Agency (EMA) അംഗീകാരം ലഭിച്ചാല്‍ മാത്രമേ അത് പ്രാവര്ത്തുകമാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.