ഈ ക്രിസ്മസ് കാലത്ത് അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനങ്ങൾ നൽകാം. www.carepark.ie എന്ന വെബ്സൈറ്റ് ആണ് ഹൃദയത്തിൽ തൊടുന്ന ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യമെമ്പാടുമുള്ള കെയർ ഹോമുകളിലും, വൃദ്ധസദനങ്ങളിലുമായി ആയിരക്കണക്കിന് പേരാണ് കഴിയുന്നത്. ഇതിൽ പലരും ഉറ്റവരോ ഉടയവരോ ഇല്ലാത്തവരുമാണ്. ക്രിസ്മസ് പോലെ ഒരു ആഘോഷകാലത്ത് ഇവർ അനുഭവിക്കുന്ന ഏകാന്തതയുടെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. അത്തരത്തിൽ ഒറ്റപ്പെട്ടവർക്ക് പ്രതീക്ഷയുടെയും, സ്നേഹത്തിന്റെയും ഒരു സമ്മാനപ്പൊതി നൽകുന്നതാകില്ലേ ഈ ക്രിസ്മസ് കാലത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തി?

സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ആദ്യം www.carepark.ie എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഇതിൽ ‘Connect with a resident today’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ഏത് കൗണ്ടിയിലെ നഴ്‌സിംഗ് ഹോമിലേക്കാണോ സമ്മാനം അയക്കാൻ ആഗ്രഹിക്കുന്നത്, അത് സെലക്ട് ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഇൻസ്‌ട്രക്ഷൻസ് പിന്തുടർന്നാൽ അന്തേവാസിയുടെ പേരും, അഡ്രസ്സും നിങ്ങൾക്ക് ഇമെയിൽ ആയി ലഭിക്കും. ഈ അഡ്രസിലേയ്ക്ക് സമ്മാനം അയച്ചു നൽകാം. ഡിസംബർ 31 വരെ സമ്മാനങ്ങൾ അയക്കാൻ സാധിക്കും.
സഹജീവിയുടെ കണ്ണിലെ സന്തോഷമാകട്ടെ ഈ ക്രിസ്മസ് കാലത്തെ നമ്മുടെ ആഘോഷം.