അയര്‍ലണ്ടില്‍ പക്ഷിപ്പനി. ഗോള്‍വേയിലെ ഒരു കാട്ടുപക്ഷിയിലാണ് Avian Influenza (HPAI) എന്ന പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് കാര്‍ഷിക, ഭക്ഷ്യ, സമുദ്ര വകുപ്പ് അറിയിച്ചു. Oranmore പ്രദേശത്തെ peregrine falcon വിഭാഗത്തില്‍ പെട്ട കഴുകനില്‍ നിന്നും ശേഖരിച്ച സാംപിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഈ പക്ഷിയെ കൂടുതല്‍ പരിശോധനകള്‍ക്കായി Limerick Regional Veterinary Laboratory-ല്‍ എത്തിച്ചിരിക്കുകയാണ്.
ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, നെതര്‍ലണ്ട്‌സ്, എസ്റ്റോണിയ, പോളണ്ട്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ പകുതിക്ക് ശേഷം കാട്ടുപക്ഷികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയില്‍ H5N1 എന്ന പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ വൈറസ് പരക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ ദേശാടനപ്പക്ഷികളില്‍ നിന്നാണ് രോഗം പകരുന്നതെന്നും വകുപ്പ് പറയുന്നു.
രാജ്യത്തെ വളര്‍ത്തുപക്ഷികളിലേയ്ക്ക് രോഗം പകരാതിരിക്കാനായി കര്‍ശന മുന്‍കരുതലെടുക്കണമെന്ന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഥവാ തങ്ങളുടെ വളര്‍ത്തുപക്ഷികളില്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വകുപ്പുമായി ബന്ധപ്പെടണം.
വൈറസ് മനുഷ്യരിലേയ്ക്ക് പരക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം യൂറോപ്പിലെങ്ങും മനുഷ്യരില്‍ HPAI H5N1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നന്നായി ചൂടുവെള്ളത്തില്‍ പാകം ചെയ്ത ഇറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വകുപ്പ് വ്യക്തമാക്കി.