Dundalk-ല്‍ ഷിപ്പിങ് കണ്ടെയ്നറുകളുപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന പുത്തന്‍ പദ്ധതിയുമായി ദമ്പതികള്‍. രാജ്യത്ത് ഭവനവിലയും, വാടകനിരക്കും കൂടുന്നതിനിടെ ലോക്ക്ഡൗണ്‍ കാലത്താണ് ചെലവ് കുറഞ്ഞതും, അതേസമയം ആധുനികവുമായി രീതിയില്‍ എങ്ങനെ വ്യാവസായികാടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മ്മിക്കാം എന്നതിനെപ്പറ്റി ജെയിംസ് ഒ’കെയ്നും, ഭാര്യ ബേര്‍ണി മൂറും ചിന്തിച്ചുതുടങ്ങിയത്. നാല് വര്‍ഷം മുമ്പ് സ്വന്തമായി കണ്ടെയ്നര്‍ ഉപയോഗിച്ച് ജെയിംസ് ഒരു വീട് നിര്‍മ്മിച്ചിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് ഇവര്‍ GTL Containers എന്ന കമ്പനി ആരംഭിച്ചത്. Green Tardis Living എന്നതിന്റെ ചുരുക്കരൂപമാണ് GTL.
അവധിക്കാലം ചെലവഴിക്കാനായി ന്യൂസിലാന്റിലേയ്ക്ക് പോകാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് ബാധ വന്നതോടെ യാത്ര വേണ്ടെന്നുവയ്ക്കുകയും, കണ്ടെയ്നര്‍ വീടുകളുടെ നിര്‍മ്മാണം സജീവമാക്കുകയും ചെയ്തു.
സാധാരണഗതിയില്‍ 40 അടി നീളമുള്ളവയാണ് കപ്പലിലെ കണ്ടെയ്നറുകള്‍. ഇവയുപയോഗിച്ചാണ് അടുക്കളയടക്കമുള്ള സൗകര്യങ്ങളോടെ വീട് നിര്‍മ്മിക്കുന്നത്. സോഫ, ബെഡ്, ഫ്രീസര്‍, ഓവന് എന്നിവയെല്ലാം വയ്ക്കാനും സൗകര്യമുണ്ട്.
സിംഗിള്‍ ബെഡ് ഉള്ള 40 അടി കണ്ടെയ്നര്‍ ഹോമിന് 59,950 യൂറോയാണ് ചെലവ് വരിക. അധിക ബെഡ്റൂമുകളും, മറ്റ് സൗകര്യങ്ങളും വേണമെങ്കില്‍ 75,000 വരെ ചെലവാകും.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജായ GTL Containers-ല്‍ ഇവര്‍ കണ്ടെയ്നര്‍ വീടുകളുടെ ഫോട്ടോസും, വീഡിയോസും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കണ്ട് ഇഷ്ടപ്പെട്ട ആളുകളാണ് മിക്ക ഓര്‍ഡറുകളും നല്‍കുന്നത്.
കോര്‍ക്ക്, കെറി, ടിപ്പററി, ഗോള്‍വേ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ടെന്ന് ജെയിംസ് പറയുന്നു. ഇവിടങ്ങളില്‍ ധാരാളം പേരാണ് മുമ്പ് വലിയ തുക മോര്‍ട്ട്ഗേജ് എടുത്തവരായും, വന്‍ തുക നല്കി വാടകയ്ക്ക് താമസിക്കുന്നവരായും ഉള്ളത്.
എവിടെ വേണമെങ്കിലും കണ്ടെയ്നര്‍ ഹോമുകള്‍ നിര്‍മ്മിക്കാമെങ്കിലും, അത് ആവശ്യമായവര്‍ പ്ലാനിങ് പെര്മിഷന് എടുക്കേണ്ടതുണ്ടെന്ന് ജെയിംസ് പറയുന്നു. ഇതിനായി പ്രദേശത്തെ പ്ലാനിങ് ഓഫിസുമായി ബന്ധപ്പെടണം.
ദീര്‍ഘകാലം നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മാണം. അതേസമയം വീട് എവിടേക്കെങ്കിലും മാറ്റണമെങ്കില്‍ അതിനും സാധിക്കുമെന്നും ബേര്‍ണി പറയുന്നു.
കഴിഞ്ഞയാഴ്ച മുതല്‍ പൊതുജനങ്ങല്‍ക്ക് വീടുകള്‍ കാണാനായി സൗകര്യമൊരുക്കിയിട്ടുണ്ട് ജെയിംസും, ബേര്‍ണിയും. അപ്പോയിന്റ്മെന്റ് എടുത്താല്‍ വീട് വിശദമായി കാണാമെന്ന് ഇവര്‍ പറയുന്നു.