തന്റെ നായയുമായി നടക്കാനിറങ്ങുന്നതിനിടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന വൃദ്ധന് തടവ് ശിക്ഷ ഇളവ് ചെയ്ത് കോടതി. ഡബ്ലിനിലെ പാട്രിക് ഡഫ് എന്ന 69-കാരനാണ് ക്ലീനിങ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പതിവായുള്ള നടത്തത്തിനിടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത്.
നായയുമായാണ് നടക്കാനിറങ്ങിയിരുന്നത് എന്നതിനാല്‍ ആര്‍ക്കും ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ ഇക്കാര്യം പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും മയക്കുരുന്ന് ഗുളികകള്‍ കണ്ടെടുത്തു. ഇയാള്‍ വീട്ടിലും ഇവ സൂക്ഷിച്ചിരുന്നു. ഡബ്ലിനിലെ റോയല്‍ കനാല്‍ പരിസരത്ത് വച്ചായിരുന്നു ഇയാളുടെ ‘കച്ചവടം.’
2020-ലാണ് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ചുമത്തിയ നാല് കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആര്‍ത്രൈറ്റിസ്, എപ്പിലപ്സി, പള്‍മണറി ഹാര്‍ട്ട് ഡിസീസ്, കേള്‍വിക്കുറവ് എന്നിങ്ങനെ ഒരുപിടി രോഗങ്ങളുടെ പിടിയിലാണ് ഇയാളെന്ന് പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. നിലവില്‍ ഇയാള്‍ നായയുമായി നടക്കാനിറങ്ങാറില്ലെന്നും, വീട്ടില്‍ തന്നെ സമയം ചെലവഴിക്കുകയാണെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു. തുടര്‍ന്ന് ആദ്യം വിധിച്ച രണ്ടര വര്‍ഷത്തെ തടവ് തടവ് ശിക്ഷ കോടതി ഇളവ് ചെയ്തു. ഏതാനും ഉപാധികളോടെ ഇയാളെ വെറുതെവിടാനും കോടതി ഉത്തരവിട്ടു.