Pandemic Unemployment Payment (PUP) ആയി 183,000 യൂറോ തട്ടിയെടുത്ത കേസില്‍ രണ്ട് കോര്‍ക്ക് സ്വദേശികള്‍ കുറ്റക്കാരെന്ന് കോടതി. Oluwagbewikeke Lewsi (36), Bashiru Aderibige (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
HSE, Tusla എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 74 പേരുടെ ഇമെയില്‍ അഡ്രസുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഈ ഇമെയിലുകളിലേയ്ക്ക് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയ നീതിന്യായ വകുപ്പിന്റെ ഒരു വ്യാജവെബ്സൈറ്റ് അഡ്രസ് അയച്ചുനല്‍കുകയാണ് ആദ്യം ചെയ്തത്. ഇമെയില്‍ സത്യമാണെന്നും, വെബ്സൈറ്റ് നീതിന്യായ വകുപ്പിന്റേതാണെന്നും തെറ്റിദ്ധരിച്ച 74 പേരും തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ വെബ്സൈറ്റില്‍ നല്കി. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ വ്യാജമായി PUP-ക്ക് അപേക്ഷിക്കുകയും, പല സമയങ്ങളിലായി 183,000 യൂറോയിലേറെ കൈപ്പറ്റുകയും ചെയ്തത്. 121 PUP പേക്ഷകളാണ് പ്രതികള്‍ നല്‍കിയിരുന്നത്. 57 ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചു. തട്ടിയെടുത്ത തുകയില്‍ 34,458 യൂറോ ഗാര്‍ഡ കണ്ടെടുത്തിരുന്നു.
എന്നാല്‍ HSE, Tusla ജീവനക്കാരുടെ ജോലി കോവിഡ് കാരണം തടസപ്പെട്ടിരുന്നില്ല എന്നതും, ഇവര്‍ക്ക് PUP ആവശ്യമില്ല എന്നതുമാണ് തട്ടിപ്പുകാരെ കുടുക്കിയത്. അപേക്ഷകള്‍ പുനഃപരിശോധിച്ചപ്പോഴാണ് അധികൃതര്‍ HSE, Tusla ജീവനക്കാര്‍ PUP-ക്ക് അപേക്ഷിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് സംശയം ബലപ്പെട്ടതോടെ ആരംഭിച്ച അന്വേഷണം പ്രതികളിലേയ്ക്ക് എത്തുകയായിരുന്നു. പ്രതികള്‍ ഇരുവരും സുഹൃത്തുക്കളാണ്.
2020 നവംബര്‍ 6-നാണ് തട്ടിപ്പ് ഗാര്‍ഡയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇവരുടെ താമസ്ഥലങ്ങളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍, പ്രതികളിലൊരാളായ Lewis വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചിരുന്നതായി കണ്ടെത്തിരുന്നു. ഇതിന്റെ പേരിലും ഇയാള്‍ക്ക് മേല്‍ കേസ് ചുമത്തിയിട്ടുണ്ട്. ഇയാള്‍ നൈജീരിയ സ്വദേശിയാണ്.
പ്രതികളെ റിമാന്‍ഡില്‍ വിട്ട കോടതി, ഇവര്‍ക്ക് നവംബര്‍ 10-ന് ശിക്ഷ വിധിക്കുമെന്ന് അറിയിച്ചു.